കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിഡിയോ ദൃശ്യം പങ്കുവെച്ച യുവതിക്കെതിരെ കോഴിക്കോട് മെഡി. കോളജ് പൊലീസ് ആത്മഹത്യപ്രേരണക്ക് കേസെടുത്തു. വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് (35) എതിരെയാണ് കേസെടുത്തത്. ഗോവിന്ദപുരം സ്വദേശി യു. ദീപകിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്.
യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർക്കും കലക്ടർക്കും യുവാവിന്റെ മാതാവ് കെ. കന്യക പരാതി നൽകിയിരുന്നു. അതേസമയം യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

