Spread the love

 നൃഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി.കഴിഞ്ഞ പത്ത് വർഷത്തിനിടെ  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കൂടിയാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യ-യു.എ.ഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്താർജിച്ചതായി ഇരുനേതാക്കളും വിലയിരുത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ നടത്തിയ ഇന്ത്യാ സന്ദർശനങ്ങളെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഈ സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെ തലമുറകളായുള്ള തുടർച്ചയെ അടയാളപ്പെടുത്തുന്നതാണെന്ന് അവർ കുറിച്ചു.

ബഹിരാകാശ മേഖലയിലെ സഹകരണം ആഴത്തിലാക്കാൻ ഇരുനേതാക്കളും ധാരണയായി. ഈ സാഹചര്യത്തിൽ, ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയിലൂടെ ഈ മേഖലയുടെ വാണിജ്യവൽക്കരണത്തിന് ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭത്തിൽ ഏർപ്പെടാൻ ധാരണയായതിനെ അവർ സ്വാഗതം ചെയ്തു. സമ്പൂർണ്ണമായ അടിസ്ഥാനസൗകര്യങ്ങളും ശക്തമായ വ്യവസായ അടിത്തറയുമുള്ള  സംയോജിത ബഹിരാകാശ ആവാസവ്യവസ്ഥ  നിർമ്മിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യ-യു.എ.ഇ സംയുക്ത ദൗത്യങ്ങൾ പ്രാപ്തമാക്കുന്നതിനും ആഗോള വാണിജ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും സൃഷ്ടിക്കുന്നതിനും സുസ്ഥിരമായ വ്യവസായ മാതൃകകളിലൂടെ  ഉഭയകക്ഷിനിക്ഷേപം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

ശാസ്ത്ര-സാങ്കേതിക രംഗത്തും നൂതനാശയങ്ങൾ കൈമാറുന്നതിലും, പ്രത്യേകിച്ച് AI, വളർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള സഹകരണ തീരുമാനത്തെ സ്വാഗതം ചെയ്ത അവർ, ഇന്ത്യയിൽ ഡേറ്റ സെന്ററുകൾ സജ്ജീകരിക്കുന്നതിനുള്ള സാധ്യതകൾ തേടാനും സമ്മതിച്ചു. പരസ്പര അംഗീകാരമുള്ള പരമാധികാര ക്രമീകരണങ്ങൾക്ക് കീഴിൽ യു.എ.ഇക്കും ഇന്ത്യയ്ക്കും ഇടയിൽ ‘ഡിജിറ്റൽ എംബസികൾ’ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ ഇരുനേതാക്കളും തങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകി. 2026 ഫെബ്രുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘AI ഇംപാക്ട് സമ്മിറ്റിന്’ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പിന്തുണ അറിയിച്ചു.

തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.