സതീശൻ നായർ കടക്ക് പുറത്ത്, വെള്ളാപ്പള്ളിക്കൊപ്പം മണിച്ചേട്ടനും ചേരുന്നു. മൂന്നാം വട്ടവും പിണറായിയെ മുഖൃമന്ത്രി സിംഹാസനത്തിലിരുത്തണം!.സമുദായ നേതാക്കൾ ഭരണ കക്ഷിയുടെ ചട്ടുകമായി മാറുന്ന അസാധാരണ കാഴ്ചകൾ
തിരുവനന്തപുരം: വി.ഡി സതീശനെ ഉന്നം വച്ച് എസ്എന്‍ഡിപിയും എന്‍എസ്എസും ഒരുമിക്കുമ്പോള്‍ ഇതാദ്യമായി സമുദായ സംഘടനകളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ നടന്ന സംഭവവായതിനാലാകണം എന്‍എസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയെ അപലപിച്ചാണ് പല നേതാക്കളും സംസാരിച്ചത്. വി.ഡി സതീശനു നേരെ എന്‍എസ്എസ് മോശമായി സംസാരിച്ചതിനു പിന്നാലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വന്ന കൊടിക്കുന്നില്‍ സുരേഷിന്റെ നടപടിയും വിമര്‍ശന വിധേയമായി. സമൂദായ സംഘടനകളുടെ നീക്കം യുഡിഎഫിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ചില നേതാക്കള്‍ പ്രകടിപ്പിച്ചുവെങ്കിലും ഈ രീതി ശരിയല്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍. സിപിഎം നേതൃത്വത്തിനെതിരെ ഒരിക്കലും ഇത്തരത്തിലുളള പരാമര്‍ശം നടത്താന്‍ ഇരു സമുദായ നേതാക്കള്‍ക്കും ധൈര്യമുണ്ടോ എന്നും ഒരു ഉയര്‍ന്ന നേതാവ് ചോദിച്ചു.
കാല്‍നൂറ്റാണ്ടായി നായര്‍ വിഭാഗം താക്കോല്‍ സ്ഥാനത്ത് ഇല്ല, കേരളപ്പിറവിക്കുശേഷം മുസ്ലീം സമുദായത്തിന് സിഎച്ചിന്റെ 53 ദിവസം മാത്രം.
കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി ഇരുമുന്നണികളും മുഖ്യമന്ത്രി കസേരയിലേക്ക് നായര്‍ സമുദായംഗത്തെ പരിഗണിച്ചതേയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പരിഗണിക്കാന്‍ ഇടയുളള നേതാക്കളെല്ലാം ഇതേ സമുദായമാണെന്നും ചൂണ്ടികാട്ടുന്നു. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, ശശി തരൂര്‍, കെ. മുരളീധരന്‍…നായര്‍ സമുദായ നേതൃത്വം തലമറന്ന് എണ്ണതേയ്ക്കുകയാണെന്നാണ് ഇപ്പോഴത്തെ വിമര്‍ശനത്തെക്കുറിച്ച് സമുദായത്തിന്റെ പൊതുവികാരം.
കേരളപ്പിറവിക്കു ശേഷം ഇതുവരെ സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തില്‍ അര്‍ഹമായ പ്രാതിനിധ്യം മുസ്ലിം സമുദായത്തിന് ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു വാദം.സിഎച്ച് മുഹമ്മദ്‌കോയ മാസങ്ങള്‍ മുഖ്യമന്ത്രിയായത് ഒഴിച്ചാല്‍ പിന്നീട്ട വര്‍ഷങ്ങളിലെല്ലാം ഇതര സമുദായങ്ങളായിരുന്നു മുന്നില്‍. 53 ദിവസം മാത്രമാണ് സി.എച്ച് മുഖ്യമന്ത്രിപദത്തിലിരുന്നത്. മുസ്ലീം ലീഗ് ഇക്കുറിയും ഉപമുഖ്യമന്ത്രി പദം ഉള്‍പ്പടെയുളള അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
2001 ല്‍ ഇകെ നായനാര്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ഇതുവരെ നായര്‍ സമുദായത്തില്‍പ്പെട്ട നേതാവ് കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്ഥാനത്ത് എത്തിയിട്ടില്ല. ക്രൈസ്തവ- ഈഴവ വിഭാഗത്തിലുളള മുഖ്യമന്ത്രിമാരാണ് മാറി മാറി അധികാരം പങ്കിട്ടത്. ദലിത് സമുദായത്തിനും പരിഗണന കിട്ടിയില്ല. ഇടതു ഭരണത്തില്‍ ഈഴവ വിഭാഗത്തിനായിരുന്നു എന്നും പരിഗണന.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ വി.ഡി ,സതീശന്‍ ഉള്‍പ്പടെ മുന്‍നിരയിലുളള അഞ്ചു നേതാക്കള്‍ നായര്‍ സമുദാംഗങ്ങളാണ്. ഇതില്‍ ശശി തരൂരിനെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി അതിഥിയായി ക്ഷണിച്ചിരുന്നു. ശശി തരൂരിനെ ഡല്‍ഹി നായര്‍ എന്നാണ് എന്‍എസ്എസ് ഇടയ്ക്ക് വിശേഷിപ്പിച്ചിരുന്നത്.
രമേശ് ഫാക്ടര്‍
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി പദം ഉറപ്പിക്കുന്നതിനായി എന്‍എസ്എസ് താക്കോല്‍ സ്ഥാന വിവാദം ഉയര്‍ത്തിരുന്നു. പിണറായി സര്‍ക്കാര്‍ രണ്ടാം തവണ വന്നതോടെ രമേശ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറി. പിന്നീട് മഹാരാഷ്ട്ര ഉള്‍പ്പടെയുളള സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. പക്ഷേ അവിടെയും കോണ്‍ഗ്രസ് വിജയിച്ചില്ല. പിന്നീട് കേരളത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
അതിനിടിയിലാണ് എന്‍എസ്എസുമായി ഇടയ്ക്ക് അകന്ന ബന്ധം വിളക്കിചേര്‍ത്തത്.2024 ജനുവരി 2 ന് എന്‍ എസ് എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി പരിപാടിയില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തല എത്തി. എസ് എന്‍ ഡി പി യൂണിയന്റെ ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയും രമേശ് ഉദ്ഘാടനം ചെയ്തു. രമേശിനെയാണ് എസ്എന്‍ഡിപി എന്‍എസ്എസ് നേതൃത്വങ്ങള്‍ കോണ്‍ഗ്രസില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത്. ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.
![]()
വിഡി സതീശനെതിരെ പടയൊരുക്കം.
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയതോടെ കേരളത്തില്‍ യുഡിഎഫ് തിരിച്ചുവരവിന്റെ ലക്ഷണം കാട്ടി. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ച്ചവച്ചു. കേരളത്തില്‍ ഭരണ മാറ്റം എന്ന പ്രതിതീയിലേക്ക് സതീശന്‍ നയിച്ചു. വിഷയങ്ങളോടുളള സമീപനവും വെട്ടിത്തുറന്നുളള അഭിപ്രായപ്രകടനങ്ങളും സതീശനെ സമുദായസംഘടനകളുടെ അപ്രിയ ലിസ്റ്റിലാക്കി. കാന്തപുരം നയിച്ച കേരള യാത്രയുടെ സമാപന വേദിയില്‍ മുഖ്യമന്ത്രിക്ക് എതിരെ കടുത്തഭാഷയില്‍ സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെ വിമര്‍ശിച്ചതോടെ സൈബര്‍ ലോകം അരയും തലയും മുറുക്കി രംഗത്ത് വന്നു.
കടക്കുപുറത്ത് പിന്‍വലിച്ച് മീഡിയ ചങ്ങാത്തത്തിന് എന്‍എസ്എസ്
മുഖ്യമന്ത്രി കോട്ടയത്ത് ക്‌നാനായ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ദിവസമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ പെരുന്നയില്‍ കണ്ടത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്‍എസ്എസ് നേതൃത്വം ചാനലുകളോട് കടക്കുപുറത്തു നിലപാടിലായിരുന്നു. ജനറല്‍ സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്തിയ പരിപാടി സംപ്രേഷണം ചെയ്തുവെന്നതായിരുന്നു കാരണം. മുഖ്യധാര ചാനലുകളെ പൂര്‍ണമായി തന്നെ അകറ്റിനിര്‍ത്തി. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായിരുന്നു.
പക്ഷേ ജനുവരി 18ന് സുകുമാരന്‍നായര്‍ പുഞ്ചിരിയോടെയാണ് ചാനല്‍ ലേഖകരെ സ്വീകരിച്ചത്. ഓരോ ചോദ്യവും ചോദിക്കുമ്പോള്‍ കൂടുതല്‍ പോരട്ടെ എന്ന നിലയില്‍ പ്രോത്സാഹിപ്പിച്ചു. വലിയ സന്തോഷത്തിലാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയും ചെയ്തു. ഇതിനിടയിലാണ് മന്ത്രി വി.എന്‍ വാസവന്‍ സുകുമാരന്‍ നായരെ വിളിച്ചത്. വാര്‍ത്താ ലേഖകരുടെ മുന്നില്‍ വച്ചുതന്നെ ഫോണ്‍ എടുത്തു. താന്‍ വാര്‍ത്താ സമ്മേളനത്തിലാണെന്ന് പറഞ്ഞു. ഉടന്‍ ഫോണ്‍ കട്ടായി. പിന്നെ വിളിച്ചപ്പോള്‍ എന്‍ഗേജ്ഡ് ടോണിലായി. പിന്നീട് വിളിക്കാമെന്ന് സഹായി പറഞ്ഞതോടെ ഫോണ്‍ മാറ്റിവയ്ക്കുകയും ചെയ്തു.ഇതിന്റെ പിന്നിലെ അന്തർധാരകൾ കോൺഗ്രസിനും ബിജെപിക്കും അറിയാമെങ്കിലും സുകുമാരൻ നായരെ പേടിച്ച് പുറത്ത് പറയാൻ ധൈര്യമില്ല.

