കോട്ടയം : കേരള കോൺഗ്രസുകളുടെ ഈറ്റില്ലമായ കോട്ടയത്ത് ബിജെപി മുന്നണി സ്ഥാനാർത്ഥികൾ ആരൊക്കെ. പൊതുവേ വലതുപക്ഷ വളക്കൂറുള്ള മണ്ണിൽ പിടിച്ചുനിന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മാത്രമാണ്. പക്ഷേ പഞ്ചായത്ത് ഇലക്ഷനിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ മാണി ഗ്രൂപ്പിനായില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻറ് മണ്ഡലം ബിഡിജെസിനാണ് ബിജെപി വിട്ടു നൽകിയത്. ഇവിടെ ബിഡിജെഎസ് എൻറെ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. 1.65 ലക്ഷം വോട്ട് നേടി കഴിഞ്ഞ ലോക്സഭ ഇലക്ഷനെക്കാൾ വോട്ടുവിഹിതം നേരിയ തോതിൽ വർദ്ധിപ്പിച്ചുവെങ്കിലും ബിജെപി ആഗ്രഹിച്ചതുപോലെ എ ക്ലാസ് മണ്ഡലം ആക്കാൻ കഴിഞ്ഞില്ല.

അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വളരെ കരുതലോടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം ഇല്ലാതിരുന്ന പിസി ജോർജ് മകൻ ഷോൺ ജോർജ് എന്നിവരാണ് പാർട്ടിയിലെ നവാഗതർ . ബിജെപിയിൽ പിസി ജോർജിന് പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഷോൺ ജോർജിന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പദം ലഭിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മുൻ എംഎൽഎ കൂടിയായ പിസി ജോർജ് കാഞ്ഞിരപ്പള്ളി പാലാ മണ്ഡലങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. മകൻ ഷോൺ ജോർജിൻ്റെ പേരും ഇതേ മണ്ഡലങ്ങളിൽ പ്രചരിക്കുന്നു. ഇരുവരും കോട്ടയം ജില്ലയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികൾ ആകുമോ എന്നാണ് ചോദ്യം.
കോട്ടയത്തെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ കടുത്തുരുത്തി പാലാ ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി ചങ്ങനാശേരി മണ്ഡലങ്ങളിൽ മുൻഗണന നൽകുന്ന സ്ഥാനാർത്ഥികളുടെ പേര് പാർട്ടി വൃത്തങ്ങളിൽ സജീവമാണ്.
ക്രൈസ്തവ ഹിന്ദു വോട്ടുകൾ ഭൂരിപക്ഷ നിർണയിക്കുന്ന പാലായിൽ പിസി ജോർജ് കുടുംബത്തിനൊപ്പം തന്നെ മറ്റു സ്ഥാനാർത്ഥികൾക്കും സാധ്യത കൽപ്പിക്കുന്നു.
യുഡിഎഫും എൽഡിഎഫും ക്രൈസ്തവ വിഭാഗത്തിലുള്ള സ്ഥാനാർത്ഥികളെ ഇവിടെ പരിഗണിക്കുമ്പോൾ ഹൈന്ദവ മുഖം നൽകാനാണ് സംഘപരിവാറിന്റെ ആലോചന. മൂന്നു മുന്നണികളും ക്രൈസ്തവ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ ഹിന്ദു വോട്ടുകൾ യുഡിഎഫിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണ് ഒരു കണക്കുകൂട്ടൽ.
അങ്ങനെയെങ്കിൽ മീനച്ചിൽ താലൂക്കിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തിയ മുത്തോലി പഞ്ചായത്ത് മുൻ അധ്യക്ഷൻ രൺജിത്ത് ജി മീനാ ഭവൻ , ബിജെപി മുൻ ജില്ലാ പ്രസിഡൻറ് എൻ. ഹരി എന്നിവരെ പരിഗണിക്കാനാണ് സാധ്യത. എൻ.ഹരി പാലായിൽ നിന്നും നേരത്തെ ജനവിധി തേടിയിരുന്നു. 2010 മുതൽ 15 വർഷം മുത്തോലി പഞ്ചായത്ത് അംഗമായിരുന്നു ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ രൺജിത്ത്.
സ്വദേശമായ പള്ളിക്കത്തോട് ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലത്തിൽ എൻ ഹരിയുടെ സ്ഥാനാർത്ഥിത്വം ഇതിനകം തന്നെ പ്രചരിക്കുന്നുണ്ട്. പക്ഷേ ഇവിടെ പിസി ജോർജോ ഷോൺ ജോർജ് മത്സരിക്കാനുള്ള സാധ്യത അധികമാണ്. നേരത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചിട്ടുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പിന്നീട് ബിജെപി ടിക്കറ്റിലും ഇവിടെ മത്സരിച്ചു.
ബിജെപി കോട്ടയം ജില്ലാ മുൻ പ്രസിഡണ്ടും ഇപ്പോൾ വെസ്റ്റ് ജില്ല അധ്യക്ഷനായ ജി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിൽ ആദ്യം പരിഗണിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്നും ലിജിൻ ജനവിധി തേടിയിരുന്നു.
അതേസമയം സംഘടനാ ചുമതലയുള്ള നേതാക്കളെ ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സൂചനയും ശക്തമാണ്. പാർട്ടിയുടെ ഇലക്ഷൻ സംവിധാനം ഏകോപിപ്പിക്കുന്നതിന് ജില്ലാസംസ്ഥാന ഘടകങ്ങളിലുള്ള ഭാരവാഹികൾക്ക് ചുമതല നൽകാനും സാധ്യതയുണ്ട്. ഒന്നിലധികം തവണ മത്സരിച്ച നേതാക്കളെ ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്.
മണ്ഡലങ്ങളിൽ ജനകീയ അടിത്തറയുള്ള പുതുമുഖങ്ങളെ പരിഗണിക്കുകയാണെങ്കിൽ രൺജിത്ത് , ബിജുകുമാർ, എന്നിവർക്ക് യഥാക്രമം പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇടം ലഭിക്കും. കോട്ടയം മേ വെള്ളൂർ സ്വദേശിയായ ബിജു കുമാർ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണ്. നേരത്തെ മാധ്യമപ്രവർത്തകനായിരുന്നു. 20 വർഷമായി പാലായിൽ മണ്ഡലം ഭാരവാഹിയായി പ്രവർത്തിക്കുന്ന രൺജിത്തിന് മണ്ഡലത്തിലുടനീളം വ്യക്തി ബന്ധങ്ങളുണ്ട്.

