കോട്ടയം : സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ക്ഷുദ്രജീവികളെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയതാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശരിദൂര നിലപാട് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമായി കുഴയ്ക്കേണ്ട കാര്യമില്ല. ബാക്കി എല്ലാ കാര്യങ്ങളിലും സമദൂര നിലപാടാണ് പാര്‍ട്ടിക്കുള്ളത്. രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 149-ാമത് മന്നം ജയന്തിയാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റവാളികളാരായാലും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും കോടതിയുമുണ്ടെന്ന് കഴിഞ്ഞദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. അവര്‍ അവരുടെ കടമ നിറവേറ്റുന്നുണ്ട്. ഇതില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍മാത്രം മറ്റുള്ളവര്‍ ഇടപെട്ടാല്‍മതിയെന്ന നിലപാടാണ് എന്‍എസ്എസിനുള്ളത്. ഇക്കാര്യത്തില്‍ രാഷ്ട്രീയതാത്പര്യം വെച്ചുകൊണ്ട് നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ തെറ്റാണെന്നാണ് എന്‍എസ്എസിന്റെ അഭിപ്രായമെന്നും അദ്ദേഹം പങ്കുവെച്ചു.
എന്‍എസ്എസിന് രാഷ്ട്രീയമില്ല. സമുദായാംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം എന്ന സമദൂരനിലപാടാണ് സംഘടനയ്ക്ക്. സംഘടനയ്ക്കെതിരേ പ്രവര്‍ത്തിക്കുന്നത് സ്വന്തം സമുദായത്തില്‍നിന്നുതന്നെയുള്ള ചില ക്ഷുദ്രജീവികളാണ്. അത്തരം ചില നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യനടത്തി, നേതൃസ്ഥാനത്തിരിക്കുന്നവരെ കരിവാരിത്തേക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

