തിരുപ്പതി: തിരുപ്പതിയില്‍ ലഡു നെയ്യിന് പിന്നാലെ ഷാളിലും ക്രമക്കേട്.ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കാനായി സില്‍ക്ക് എന്ന പേരില്‍ നല്‍കിയിരുന്നത് പോളിസ്റ്റര്‍ തുണികൊണ്ടുള്ള വേഷ്ടിയെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്. 2015 മുതല്‍ 2025 വരെ ഏകദേശം 54 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം.
ക്ഷേത്രത്തിലേക്ക് സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് നല്‍കാനും ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കാനുമായാണ് മള്‍ബറി സില്‍ക്ക് തുണി കൊണ്ടുള്ള ദുപ്പട്ടകള്‍ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എന്ന തിരുമല ക്ഷേത്ര ട്രസ്റ്റ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കരാറുകാരന് 100% പോളിസ്റ്റര്‍ തുണികള്‍ കൊണ്ടുള്ള ദുപ്പട്ടകളാണ് വിതരണം ചെയ്തതെന്ന് ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ബി ആര് നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിടിഡി ബോര്‍ഡ് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു അന്വേഷണം. സംഭവത്തില്‍ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ (എസിബി) അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ഏകദേശം 350 രൂപ വിലവരുന്ന ഒരു ഷാളിന് 1300 രൂപയായിരുന്നു കരാറുകാരന് ബില്ല് ചെയ്തിരുന്നത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന് (സിഎസ്ബി) കീഴിലുള്ള ലബോറട്ടറിയിലുള്‍പ്പടെ ഷാളുകളുടെ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനനടത്തി. ഇതില്‍ നിന്നാണ് സില്‍ക്കിന് പകരം നല്‍കിയിരുന്നത് പോളിസ്റ്റര്‍ തുണിയാണെന്ന് മനസിലായത്. ശുദ്ധമായ പട്ടാണെന്ന് ഉറപ്പുവരുത്തി നിര്‍ബന്ധമായും പതിപ്പിക്കേണ്ട സില്‍ക്ക് ഹോളോഗ്രാം ഈ ദുപ്പട്ടകളില്‍ ഇല്ലായിരുന്നെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ഒരേ കമ്പനിയുടെ സഹോദര സ്ഥാപനങ്ങള്‍ തന്നെയാണ് തട്ടിപ്പ് നടന്ന കാലയളവിലെ കരാറുകള്‍ ഏറ്റെടുത്തിരുന്നത്. അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് ഈ കമ്പനികളുമായുള്ള എല്ലാ കരാറുകളും ക്ഷേത്ര ട്രസ്റ്റ് റദ്ദാക്കി. ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലഡുവിന്റെ നിര്‍മ്മാണത്തിന് മായം കലര്‍ന്ന നെയ്യ് ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ തട്ടിപ്പും.

