നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി ഇന്നുണ്ടാകും. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിലും ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. കേസില്‍ മഞ്ജുവാര്യരുടെ മൊഴിയും നിര്‍ണായകമായിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു എന്നാണ് മഞ്ജു മൊഴി നല്‍കിയത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു. ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് മൊബൈല്‍ ഫോണില്‍ നിന്നാണെന്നും ദിലീപിന്റെ സംസാരത്തില്‍ ഇക്കാര്യം മനസ്സിലായെന്നും മഞ്ജു മൊഴി നല്‍കിയിരുന്നു.
മഞ്ജു വാര്യരെ കൂടാതെ സംവിധായകന് ബാലചന്ദ്രകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍, തൃശൂര്‍ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവന്‍ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമാണ്.
നടി കാവ്യ മാധവനും പൾസർ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. 2017 ജനുവരി ആദ്യം ദിലീപിന്റെ വീടിന് പരിസരത്ത് പള്‍സര്‍ സുനിയെ കണ്ടെന്നായിരുന്നു രഞ്ജു രഞ്ജിമാരുടെ മൊഴി. ദിലീപിന്റെ വീട്ടില്‍ നിന്നും സുനി ഇറങ്ങിവരുന്നതാണ് രഞ്ജു രഞ്ജിമാര്‍ കണ്ടത്. ആലപ്പുഴയിലെ സിനിമ ലൊക്കേഷനിലും പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ടതായും രഞ്ജു രഞ്ജിമാരുടെ മൊഴിയുണ്ട്. തൃശ്ശൂരില്‍ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സര്‍ സുനിയാണ്.

