രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മഹിള കോണ്ഗ്രസില് അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തങ്ങൾക്ക് തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് സഹിതം താൻ പുറത്തുവിടും. പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.
‘‘ഞാൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാൻ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഞാൻ ഇന്നലെ പറഞ്ഞത് ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് എന്ത് പരാതി കൊടുത്താലും യൂത്ത് കോൺഗ്രസിൽ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പാലക്കാട് എംഎൽഎയുമായി.
രാഹുൽ തനിക്കു മോശം മെസേജ് അയച്ചെന്നു ഷഹനാസ് പറയുന്നു. ഇക്കാര്യം ഷാഫി പറമ്പിൽ എംപിയെ അറിയിച്ചിരുന്നു.
ഡൽഹിയിൽ കർഷക സമരത്തിനു പോയി വന്നപ്പോൾ രാഹുൽ മോശം മെസേജ് അയച്ചു. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫിയോട് താൻ ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് പറയുന്നു.
കർഷക സമരത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, “എന്താണ് നിങ്ങൾ ഞങ്ങളോട് പറയാതെ പോയത്” എന്നു രാഹുൽ മെസേജ് അയച്ചിരുന്നു. യൂത്ത് കോൺഗ്രസിലെ എല്ലാവർക്കും ഒന്നിച്ചു പോകാനാണെങ്കിൽ വീണ്ടും പോകാമെന്നു ഞാൻ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മൾ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു രാഹുലിന്റെ മറുപടി.
അതിനുള്ള ഉത്തരം അന്നേ ഞാൻ കൊടുത്തിരുന്നു. കോൺഗ്രസിലും മഹിള കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമുള്ള സ്ത്രീകൾക്കു രാഹുലിനെക്കുറിച്ച് ധാരണയുണ്ട്. അയാൾ അധ്യക്ഷ പദവിയിലേക്കു വരുന്നു എന്നു കണ്ടപ്പോൾ ഇക്കാര്യം മെസേജ് അയച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടുണ്ട്.കോൺഗ്രസിലെ ബാക്കി സ്ത്രീകളോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് തോന്നുന്നുണ്ടോ? ഇഷ്ടം പോലെ ആൾക്കാരുണ്ട്. അവർ കൂടി തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാകാനാണ് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നത്.

