Spread the love

മലാക്ക കടലിടുക്കിനും ഇന്തൊനീഷ്യയ്ക്കും മുകളിലായി ‘സെൻ യാർ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റിന് യുഎഇ ആണ് പേരിട്ടത്. അറബിയിൽ സിംഹം എന്നാണ് ഈ വാക്കിൻ്റെ അർഥം.

അതേസമയം കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശ്രീലങ്കയ്ക്ക് സമീപമുള്ള തീവ്ര ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

ഇന്നു പുലർച്ചെ 5.30 ഓടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റിൻ്റെ തീവ്രത നിലനിർത്താനും പിന്നീട് ക്രമേണ ദുർബലമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഒരേസമയം രൂപപ്പെട്ട രണ്ട് കാലാവസ്ഥ പ്രതിഭാസങ്ങൾ ദക്ഷിണേന്ത്യയിലെ കാലാവസ്ഥയെ സമ്മിശ്രമായി ബാധിക്കുന്നുണ്ട്.

അതേസമയം, കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ന്യൂനമർദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറും. ആയതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി കടലിന് മുകളിൽ ചക്രവാതചുഴി 4 ദിവസം കറങ്ങിയപ്പോൾ തിരുനെൽവേലി ഊതിൽ പെയ്തിറങ്ങിയത് 718 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യ ദിവസം 118 മി.മീ പെയ്തപ്പോൾ രണ്ടും മൂന്നും ദിവസം പെയ്തത് 250, 232 മി.മീ വീതം ആയിരുന്നു.