Spread the love

ആലപ്പുഴ: കേരളത്തെ തന്നെ നടുക്കിയ കുട്ടനാട് കൈനകരി അനിത കൊലക്കേസിലെ പ്രതികളെ പിടികൂടിയത് പോലീസിന്റെ അസാധാരണമായ നീക്കത്തിലൂടെ. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ് പ്രതികളായ പ്രബീഷിനെയും രജനിയെയും കുടുക്കിയത്. പ്രതികളെ പിടികൂടാന്‍ പോലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി കൈനകരിയിലെ വീട്ടിലെത്തുകയായിരുന്നു.

ഈ കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ മുതുത്തോട് പൂക്കോടന്‍ വീട്ടില്‍ പ്രബിഷിന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് വധശിക്ഷ വിധിച്ചിരിക്കുകയാണ്.കൈനകരി സ്വദേശിനിയും പ്രബീഷിന്റെ പെണ്‍സുഹൃത്തുമായ രജനി(42)യാണ് കേസിലെ രണ്ടാംപ്രതി. മയക്കുമരുന്ന് കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്നതിനാല്‍ രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചു. രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയെ ഹാജരാക്കുന്നദിവസം ശിക്ഷ വിധിക്കും.

പ്രബീഷും പെണ്‍സുഹൃത്തായ രജനിയും ചേര്‍ന്ന് പുന്നപ്ര സ്വദേശിയായ അനിത(32)യെയാണ് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒന്‍പതിനായിരുന്നു സംഭവം. വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം പ്രബീഷ് അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാൽ ഇതിനിടെ അനിത ഗര്‍ഭിണിയായി. തന്നെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് അനിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ശാരീരികബന്ധത്തിന് ശേഷം പ്രതികള്‍ അനിതയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി മൃതദേഹം സമീപത്തെ ആറ്റില്‍ തള്ളി. എന്നാല്‍, വെള്ളം ഉള്ളില്‍ച്ചെന്നാണ് അനിത മരിച്ചത്. പിന്നീട് മൃതദേഹം ആറ്റില്‍പൊങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അതിവിദഗ്ദമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന സൂചന നല്‍കിയിരുന്നു. കഴുത്തു ഞെരിച്ചതിന്റെ ഫലമായി ഞരമ്പുകള്‍ക്കും തൈറോയ്ഡ് ഗ്രന്ഥിക്കുംതകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. ഇതോടെ കൊലപാതകമെന്ന നിഗമനത്തില്‍ പോലീസെത്തി.

 

പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രബീഷിനെ പറ്റി പോലീസിനു വിവരം ലഭിച്ചെങ്കിലും നിലമ്പൂരിലെ മേല്‍വിലാസത്തിലായിരുന്നു നമ്പര്‍. നമ്പര്‍ ആലപ്പുഴയിലെ ടവര്‍ ലൊക്കേഷനില്‍ കാണിച്ചിരുന്നതുകൊണ്ടു പ്രതി ജില്ല വിട്ടിട്ടില്ലെന്ന് പോലീസിനു മനസിലായി. പ്രതികള്‍ എവിടെയെന്ന വിവരം അപ്പോഴും ലഭിച്ചിരുന്നില്ല. അങ്ങനെയാണു പ്രബീഷിന്റെ നമ്പരില്‍നിന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തെന്ന വിവരം സൈബര്‍ സെല്‍ വഴി പോലീസിനു ലഭിച്ചത്.

പ്രതി പ്രബീഷാണെന്ന വിവരം ലഭിച്ച പോലീസിന് കൈനകരിയിലെ വീട്ടില്‍നിന്ന് ഇവരെ പിടിക്കുകയെന്നത് വെല്ലുവിളി ആയിരുന്നു. പോലീസ് വരുന്നെന്ന വിവരം ലഭിച്ചാല്‍ അപ്പോൾ ആറിനോടു ചേര്‍ന്നുള്ള വീട്ടില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാനിടയുണ്ടെന്നു പോലീസ് മനസ്സിലാക്കി. തുടര്‍ന്ന്ര വേഷം മാറി രജനിയുടെ വീടിനോടു ചേര്‍ന്നുള്ള പരിസരങ്ങളില്‍ പോലീസ് നിലയുറപ്പിച്ചു. മൂന്നു പേര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി.

ആലപ്പുഴയില്‍ ഛര്‍ദിയും വയറിളക്കവും പടരുന്നുണ്ടെന്നും പ്രതികള്‍ ഭക്ഷണം വാങ്ങിയ അതേ ഹോട്ടലില്‍നിന്നുള്ള ഭക്ഷണംകഴിച്ച രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണെന്നും എത്രയുംവേഗം നിങ്ങൾ തങ്ങളോടൊപ്പം ആശുപത്രിയില്‍ എത്തണമെന്നും പ്രബീഷിനോടാവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പ്രബീഷ് രജനിയും തന്നോടൊപ്പം ഭക്ഷണം കഴിച്ചെന്നും അവരെക്കൂടി ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാഹനത്തില്‍ക്കയറ്റി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.