ബോഡി മസാജിംഗിന് സ്പായില്‍ പോയത് പറഞ്ഞു സഹപ്രവര്‍ത്തകനായ പോലീസുകാരനില്‍ നിന്ന്
4 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയായ പാലാരിവട്ടം സ്റ്റേഷന് ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയാക്കി എറണാകുളം എസിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സിറ്റി പൊലീസ് കമ്മിഷണറുടെ സസ്പെന്ഷന്.കേസിലെ മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി രമ്യയും ഒളിവിലാണ്.
രണ്ടാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ കൊച്ചി വാത്തുരുത്തി രാമേശ്വരംപുള്ളി പി.എസ്.ഷിഹാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.പോലീസുകാരനില്‍ നിന്ന് വാങ്ങിയ 4 ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ ഷിഹാമിനും നല്കി. പണമിടപാടും മറ്റും കണ്ടെത്താന്‍ എസ്ഐ യെ ചോദ്യം ചെയ്യണം. മുങ്ങിയ എസ്ഐയെ കണ്ടെത്താനുളള നടപടികളിലാണ് പോലീസ്. സ്പായിലെ ചില ചിത്രങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്്
മറ്റു ചില സ്പാ നടത്തിപ്പുകാരുമായി ഇടപാടുകള്‍ നടത്തിയതിനു ബൈജുവിന് എതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. സെപ്റ്റംബറിലാണു കേസിന് ആസ്പദമായ സംഭവം. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പായില്‍ ബോഡി മസാജിങ്ങിനെത്തി മടങ്ങിയ പോലീസുകാരനെ രമ്യയും ഷിഹാമും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ എസ്ഐ ബൈജു ഇടനിലക്കാരനായി നിന്നു നാലു ലക്ഷം രൂപ വാങ്ങി ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പോലീസിലെ ചിലരുടെ ഒത്താശയോടെയാണ് ഇയാള്‍ ഒളിവില്‍ പോയതെന്നും പറയപ്പെടുന്നു.

