Spread the love

കോട്ടയം ജില്ലാ പഞ്ചായത്തില്‍ വൈക്കം ഡിവിഷന്‍ മുസ്ലിം ലീഗിനും വെള്ളൂര്‍ ഡിവിഷന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കോണ്‍ഗ്രസ് വച്ചുനീട്ടിയത് രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായിട്ടെന്ന് വിമര്‍ശനം.

യു.ഡിഎഫ് സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വല്യേട്ടന്‍ മനോഭാവം കാട്ടിയെന്ന വ്യാപകപരാതിയാണ് ഘടകക്ഷികളായ കേരളാ കോണ്‍ഗ്രസ് ജോസഫിനും മുസ്ലീം ലീഗിനുമുള്ളത്.

ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് എന്ന മോഹവുമായി മുസ്ലിം ലീഗ് നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2005ല്‍ എരുമേലി ഡിവിഷനില്‍ അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് ഹാജി പി.എച്ച് അബ്ദുല്‍സലാം ആണ് അവസാനമായി ലീഗ് ക്വാട്ടയില്‍ ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ചത്. പിന്നീട് ഇതുവരെ ലീഗിന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നല്‍കിയിട്ടില്ല. ഓരോ തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോഴും അടുത്ത തവണ പരിഗണിക്കാമെന്ന ഉറപ്പില്‍ ലീഗിനെ ഒതുക്കുകയായിരുന്നു പതിവ്.

എന്നാല്‍ ഇക്കുറി ലീഗ് ഒരു സീറ്റ് എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് ഒരു ഡിവിഷന്‍ നല്‍കി. അതും ലീഗ് ആവശ്യപ്പെട്ട മുണ്ടക്കയം, എരുമേലി ഡിവഷന്‍ കൊടുക്കാതെ വൈക്കം ഡിവിഷനും. ഈ ഡിവിഷനാവട്ടെ എസ്ടി, എസ് സി സംവരണ സീറ്റാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ലീഗിന് കഴിയില്ലായെന്ന ഉറപ്പോടെ ലീഗിനെ പരിഹസിക്കാനാണ് കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയത്. അവസാനം കോണ്‍ഗ്രസിന് സീറ്റ് മടക്കിനല്‍കേണ്ട അവസ്ഥയില്‍ ലീഗിനെ കൊണ്ടെത്തിച്ചു.

ഇതുപോലെ തന്നെയാണ് കേരള കോണ്‍ഗ്രസിന് വെള്ളൂര്‍ ഡിവിഷന്‍ നല്‍കിയതും. ജോസഫ് വിഭാഗത്തിനും എസ്.സി വനിതാസംവരണ സീറ്റാണ് നല്‍കിയത്. അവര്‍ക്കും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ സീറ്റ് കോണ്‍ഗ്രസിന് തിരിച്ചുകോടുക്കേണ്ടി വന്നു. ഇതോടെ 23 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 16 ആയി ഉയര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 14 സീറ്റായിരുന്നു കോണ്‍ഗ്രസിന്.