Spread the love

മുണ്ടക്കയം പഞ്ചായത്തില്‍ മുസ്ലിംലീഗിന് യുഡിഎഫ് അനുവദിച്ച സീറ്റില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നു.

23 വാര്‍ഡുകളുള്ള മുണ്ടക്കയം പഞ്ചായത്തില്‍ മുസ്ലിം ലീഗിന് യുഡിഎഫ് അനുവദിച്ച ഒരേയൊരു സീറ്റാണ് മൈക്കോളജി അഞ്ചാം വാര്‍ഡ്. ഈ വാര്‍ഡില്‍ കാലങ്ങളായി കോണ്‍ഗ്രസ് ആണ് വിജയിക്കുന്നത്. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോട് ആലോചിക്കാതെയാണ് മുസ്ലിം ലീഗിന് വാര്‍ഡ് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

മുസ്ലിം ലീഗിന് വേണ്ടി നസീമ ഹാരിസ് ആണ് ഇവിടെ മത്സരിക്കുന്നത്. നസീമ ഹാരിസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

മുമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ രണ്ടു തവണ മത്സരിക്കുകയും ഒരു തവണ വിജയിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥിയാണ് നസീമ ഹാരിസ്. പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.

നസീമയെ മൈക്കോളജി വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ല. വാര്‍ഡിനുള്ളില്‍നിന്നൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താതെ വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയം ഇല്ലാത്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കൊണ്ടുവന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്ഷേപം. വാര്‍ഡില്‍ മുസ്ലിം ലീഗൊരു രാഷ്ട്രീയ ശക്തിയേ അല്ലെന്നും വാര്‍ഡിലെ മുസ്ലിം വോട്ടര്‍മാരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ലീഗ് പ്രവര്‍ത്തകരായുള്ളൂവെന്നുമാണ് അവര്‍ പറയുന്നത്.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതായാണ് വിവരം.

മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള വാര്‍ഡാണ് മൈക്കോളജി വാര്‍ഡെന്നും വിജയിക്കാന്‍ കഴിയുമെന്നുമാണ് ലീഗ് കരുതുന്നത്.

വാര്‍ഡിലെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അനുനയിപ്പിക്കാന്‍ യുഡിഎഫ് മേല്‍ഘടകവും മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവും ശ്രമിക്കുന്നുണ്ടെങ്കിലും വിജയം കണ്ടെത്തുമോയെന്ന് ഉറപ്പില്ല.

കഴിഞ്ഞ തവണ നാലാം വാര്‍ഡില്‍നിന്ന് മത്സരിച്ച കോണ്‍ഗ്രസ് വനിതാ നേതാവും ഇവിടെ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടൊപ്പമാണ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്ഥാനാര്‍ത്ഥിയും വരുന്നത്. കഴിഞ്ഞ തവണ വണ്ടന്‍പതാല്‍ ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച വനിതയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്.

എന്തായാലും മുസ്ലിം ലീഗ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുമായി മുന്നോട്ട് പോകുകയാണ്. പഞ്ചായത്തില്‍ തങ്ങള്‍ക്ക് അനുവദിച്ച ഒരേയൊരു സീറ്റില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കണമെന്നാണ് അവരുടെ ആവശ്യം.

അഞ്ചാം വാര്‍ഡിലെ മത്സരം ഇതിനോടകം തന്നെ പഞ്ചായത്തില്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. അഞ്ചാം വാര്‍ഡിലെ യുഡിഎഫിനുള്ളിലെ പുതിയ രാഷ്ട്രീയ സംഭവങ്ങള്‍ എല്‍ഡിഎഫിന് തുണയാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഫ്‌ളോറി ആന്റണിയാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.