വാഗമണ്ണില്‍ എംടിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികള്‍ യാദൃശ്ചികമായി പിടിയിലായത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച്ച വൈകുന്നേരം വാഗമണ്ണില്‍ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. സംശയാസ്പദമായി വാഹനം കാണുകയും തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തുകയും ചെയ്തു. ഇടുക്കി ജില്ലയില്‍ തന്നെ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇത്.
50 ഗ്രാം എംഡിഎംഐ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ വാഹനത്തില്‍ നിന്ന് തന്നെ പിടികൂടി. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ പരിശോധന നടത്തി. അവിടെ നിന്നും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ കണ്ടെടുത്തു.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും എക്‌സൈസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ പീരുമേട് റേഞ്ച് എക്‌സൈസ് ഓഫീസില്‍ കൊണ്ടുവരുകയും കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തി.
വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് കച്ചവടം ചെയ്യാന്‍ എത്തിച്ചതാണ് എംഡിഎംഎ എന്നാണ് പ്രാഥമിക കണ്ടെത്തല്‍.
പിടിയിലായ ശ്രാവണ്‍താരയുടെ ഭര്‍ത്താവ് ശ്രീമോനും ഫവാസും ചേര്‍ന്നാണ് രാസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയില്‍ പൊലീസ് പിടികൂടിയിരുന്നു.
തങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ശ്രാവണ്‍ താരയും ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ ഫവാസും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വന്‍തോതില്‍ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താന്‍ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മുന്‍പും ഇവര്‍ക്ക് എതിരെ മയക്ക് മരുന്നുകളുമായി ബന്ധപ്പെട്ട പല കേസുകളും ഉള്ളതായി ആണ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

