Spread the love

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും മുഖ്യമന്ത്രി കസേര നിതീഷ് കുമാറിന് വിട്ടുനല്‍കിയേക്കും. മുഖ്യമന്ത്രി കസേരയ്ക്ക് ബിജെപിക്കാണ് കൂടുതല്‍ അര്‍ഹത എങ്കിലും നിതീഷ് തുടരട്ടെയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം.

മന്ത്രിസഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേഗത്തിലാക്കിയിരിക്കുകയാണ് എന്‍ഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം പരിഗണിച്ച് ഈ മാസം 19നോ 20നോ സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

18-ാം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കും. അതിന് ശേഷം നിയമസഭ രൂപീകരിക്കേണ്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും.

17-ാമത് നിയമസഭ പിരിച്ചുവിടുന്നതിന് അനുമതി നല്‍കുന്നതിന് നിതീഷ് കുമാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.