Spread the love

ഡൽഹി  ; ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. യുഎപിഎ വകുപ്പുകൾ ചുമത്തി കേസ് എടുത്തു ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ ഒന്നിലധികം ആളുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം

അതേസമയം കറുത്ത മാസ്ക് വച്ചയാൾ‌ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഈ ദൃശ്യത്തിൽ മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും കാണാം. ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം കാർ നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

അതിനിടെ സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ നൽകുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.

കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നാണു വിവരം. കഴിഞ്ഞമാസം 29നാണ് ഇയാൾ വാഹനം വാങ്ങിയത്. ബോംബ് സ്ഫോടനത്തിനു പിന്നാലെ ഡൽഹിയിലെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.