കൊച്ചി: എറണാകുളം കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി അമ്മൂമ്മ. അമ്മൂമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. താൻ ദേഷ്യം കാരണം കൊന്നെന്നാണ് പ്രതി പൊലീസിന് മൊഴി നൽകി. പൊലീസ് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. സംഭവത്തിൽ കൂടുതൽ ഒന്നും ഇവർ പറഞ്ഞിട്ടില്ല.
കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു. അതേസമയം കുഞ്ഞിന്‍റെ അമ്മൂമ്മയായ 60 വയസുള്ള ഡെയ്സിക്ക് മാനസിക പ്രശ്നങ്ങളുണ്ട് എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. അവര്‍ക്ക് ശരീരത്തിലെ സോഡിയം കുറയുമ്പോള്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇതിന് മുൻപും ഇവര്‍ ഇത്തരം പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവര്‍ വിഷാദരോഗത്തിന് ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ട്.
ഇന്നലെയാണ് ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറ കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് അമ്മ അടുക്കളയില്‍ പോയ സമയത്തായിരുന്നു കൊലപാതകം.
കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മുമ്മയെ കസ്റ്റഡിയിലെടുത്ത് ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

