ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാകുന്നു. കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചേക്കും. കേന്ദ്രത്തിന് കത്ത് നൽകും.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സിപിഐ നേതാക്കള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലേക്കെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി കെ.രാജനുമാണ് എകെജി സെന്ററില്‍ ചര്ച്ചയ്ക്കെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തുടങ്ങിയ നേതാക്കള്‍ എകെജി സെന്ററിലുണ്ട്.
ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായ സ്ഥിതിക്ക് ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കും. പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ആവശ്യത്തില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സിപിഐക്ക്. എന്നാല്‍ കരാര്‍ ഒപ്പിട്ടസ്ഥിതിക്ക് ഇത് റദ്ദാക്കുന്നതിലുള്ള സാങ്കേതികമായ പ്രശ്നങ്ങളാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വരിക. ചില വ്യവസ്ഥകളോടെ കരാര്‍ അംഗീകരിക്കണോ കരാര്‍ പൂര്‍ണ്ണമായി റദ്ദാക്കി നിയമപരമായി മുന്നോട്ട് പോകുമോ എന്നതും സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.
സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് പിടിച്ചുവാങ്ങുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് കരാറിലൊപ്പിട്ടതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ വിശദീകരണം. എന്നാല്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടി വന്നുവെന്ന പ്രതികരണം പാര്‍ട്ടിയില്‍നിന്ന് പോലും ഉയര്‍ന്നതോടെയാണ് സിപിഎമ്മും പിന്നോട്ട് വലിയാന്‍ തീരുമാനിച്ചത്.

