തൃശ്ശൂര്‍: യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്ത സംഭവത്തിൽ 3 പേർ പിടിയിൽ. എറണാകുളം കൂനംമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനായ അമല്‍, സഹായികളായ നിധിന്‍, ആരോമല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. മൂവരെയും വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ആണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 21-ന് കൊടുങ്ങല്ലൂര്‍ പടിഞ്ഞാറേനടയിലുള്ള പണിക്കേഴ്സ് ഹാളിനു മുന്‍വശത്തെ ബസ്സ്റ്റോപ്പില്‍ ആലപ്പുഴ അരൂര്‍ സ്വദേശിയായ സുദര്‍ശനനെയാണ് നഗ്‌നനായി, അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇയാളെ പോലീസെത്തി താലൂക്ക് ആശുപത്രിയിലാക്കി. പരിക്കുകള്‍ ഗുരുതരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇയാളുടെ ഒരു കണ്ണ് കുത്തിപ്പൊട്ടിച്ചനിലയിലായിരുന്നു. ജനനേന്ദ്രിയം തകര്‍ന്നനിലയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് ജനനേന്ദ്രിയം പിന്നീട് ശസ്ത്രക്രിയചെയ്ത് നീക്കി. മുറിവുകള്‍ക്കെല്ലാം രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ സുദര്‍ശനന്‍ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണ്.
. ഇതിനിടെയാണ് സുദര്‍ശനനെ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയവര്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഗതിമന്ദിരം നടത്തിപ്പുകാരനായ അമലിനെയും സഹായികളെയും പോലീസ് അറസ്റ്റ്‌ചെയ്തത്.

