പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.
സജിത വധക്കേസ് അപൂര്‍വങ്ങളില്‍ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്.
കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു.
പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു.
നെന്മാറ പോത്തുണ്ടി ബോയന്‍സ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്പാടുകളാണ് കേസില്‍ നിര്‍ണായകമായത്. ഒപ്പം മല്പിടുത്തത്തിനിടയില് പോക്കറ്റ് കീറി നിലത്ത് വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി. കേസിലെ സാക്ഷികളുടെ മൊഴിയും നിര്‍ണായകമായിരുന്നു.

