സൂറത്ത് : മറ്റൊരാളുമായി ബന്ധമെന്ന സംശയത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ശിൽപ സാൽവി (39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയ്ക്കായി (40) പൊലീസ് അന്വേഷണം ഊർജിതമാക്കി. ഗുജറാത്തിലെ സൂറത്തിൽ ആണ് സംഭവം.
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് വിശാൽ സാല്‍വി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭാര്യ ഡയറ്റീഷ്യനാണെന്നും 4 ദിവസം മുൻപാണ് അവസാനമായി കണ്ടതെന്നുമാണ് വിശാൽ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ ശിൽപയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആ അന്വേഷണം അവസാനിച്ച് പരാതിക്കാരനിൽ തന്നെയായിരുന്നു.
ദമ്പതികളുടെ മുറിയിൽ നിന്ന് കിട്ടിയ ഒരു കത്താണ് കേസിൽ വഴിത്തിരിവായത്. വിശാലിന്റെയും ശില്പയുടേയും മകനാണ് ഈ കത്ത് കിട്ടിയത്. കുട്ടി ഇത് പൊലീസില്‍ ഏൽപ്പിച്ചു. അതിൽ ‘‘ഒരു വലിയ തെറ്റ് ചെയ്തു. ശിൽപ ഇനി ജീവനോടെയില്ല’’ – എന്ന് എഴുതിയിരുന്നു. ഇതോടെ അന്വേഷണത്തിൽ അത് എഴുതിയത് വിശാലാണെന്ന് പൊലീസ് കണ്ടെത്തി.
ഇതോടെയാണ് സലബത്പുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പൂട്ടിയിട്ട വീട്ടിലേക്ക് പരിശോധന നീണ്ടത്. ഇവിടെ ഒരു മരത്തടിയിൽ നിർമിച്ച പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പൊലീസ് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.
അതേസമയം ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം.

