Spread the love

കുറവിലങ്ങാട് നരസിംഹസ്വാമി ക്ഷേത്രത്തിൽ നരസിംഹജയന്തി നാളെ 

 

കോട്ടയം :കുറവിലങ്ങാട്:കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം നാളെ നടക്കും. വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ചതുർദശി നാളിലാണ് നരസിംജയന്തി. 19 മുതൽ നടന്നു വരുന്ന ദശാവതാരം ചന്ദനം ചാർത്ത് ഇന്ന് വിശ്വരൂപ ദർശനത്തോടെ സമാപിക്കും.കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര കലകൾ അടക്കം വിവിധ കലാപരിപാടികൾക്ക് ക്ഷേത്രം വേദിയായി.

 

ദശാവതാരം ചന്ദനം ചാർത്ത് ദർശിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും നിരവധി ഭക്തരാണ് എത്തിയത്.ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശ്രീവത്സം വേണുഗോപാൽ അവതരിപ്പിക്കുന്ന പാഠകം.നരസിംഹജയന്തി ദിനമായ 30 ന് രാവിലെ 7ന് കദളിക്കുല സമർപ്പണം നടക്കും.തിരുവരങ്ങിൽ 7. മുതൽ പഞ്ചരത്നകീർത്തനാലാപനം .9 മുതൽ കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാനസജപഹരി.12 ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ലക്ഷ്മീ നരസിംഹ പൂജ.ഒരുമണി മുതൽ നരസിംഹ സ്വാമിയുടെ പിറന്നാൾ സദ്യ.വൈകുന്നേരം 6.30ന് ചുറ്റുവിളക്ക് വിശേഷൽ ദീപാരാധന. എഴിനു ശ്രുതിലയ വള്ളിച്ചിറ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ നടക്കും.

 

ആഘോഷത്തിന്റെ ഭാഗമായി ലക്ഷമീനരസിംഹപൂജയും കദളിക്കുല സമർപ്പണവും നടക്കും. ഹിരണ്യ കശിപുവിനെ നിഗ്രഹിച്ച ശേഷം കോപം അടങ്ങാതിരുന്ന നരസിംഹമൂർത്തിയുടെ സമീപത്ത് എത്തുവാൻ ദേവന്മാരും ലക്ഷമീ ദേവിയും ഭയപ്പെട്ടു. അപ്പോൾ പ്രഹ്ലാദബാലൻ തന്റെ സ്തുതികളാൽ ഭഗവാനെ സംപ്രീതനാക്കി ശാന്തനാക്കി. പ്രഹ്ലാദ സ്തുതികളിൽ സംപ്രീതനായി ലക്ഷ്മീസമേതനായി ഭക്തർക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന ഭാവത്തിലാണ് കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ചൈതന്യം. ആ ഭഗവാനെ നരസിംഹ ജയന്തി ദിനത്തിൽ പ്രത്യേക മന്ത്രോപസനകളാൽ കൂടുതൽ സംപ്രീതനാക്കി ആ അനുഗ്രഹം എല്ലാ ഭക്തരിലേക്കും എത്തിക്കുന്നതിനാണ് ലക്ഷമീ നരസിംഹപൂജ നടത്തുന്നത്. ഇതിനു ക്ഷേത്രം തന്ത്രി

മണയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യ കാർമികത്തം വഹിക്കും.

###############

കദളിക്കുല സമർപ്പണം 

 

അസുരബാലനായ പ്രഹ്ലാദൻ പോലും യഥാർഥ ഭക്തിയാലും നാരദ മഹർഷിയുടെ ഉപദേശത്താലും നേർവഴി നടന്നു. പ്രഹ്ലാദ സ്തുതികളിൽ സംപ്രീതനായ ഭാവത്തിലാണ് കോഴായിൽ നരസിംഹമൂർത്തി കുടികൊള്ളുന്നത്. ഭഗവാൻ തന്റെ അടുത്ത് എത്തുന്ന എല്ലാ കുട്ടികളെയും പ്രഹ്ലാദനായി കാണുന്നു. അവർക്കു ബുദ്ധിയും ധൈര്യവും പ്രദാനം ചെയ്യുന്നു. നരസിംഹ ജയന്തി ദിനത്തിൽ വിദ്യാവിജയത്തിനായി വിദ്യാർഥികൾ കദളിക്കുല സമർപ്പിക്കുന്നത് വളരെ വിശിഷ്ടമായി കരുതപ്പെടുന്നു. നാളെ നാനാ ദേശത്തുനിന്നുമായി നൂറുകണക്കിന് കുട്ടികൾ കദളിക്കുല സമർപ്പണത്തിന് ക്ഷേത്രത്തിൽ എത്തിച്ചേരും.