ഇടുക്കി: ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം.
പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി.
ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 1063 ഘനയടി ജലമാണ് തുറന്നുവിട്ടിരിക്കുന്നത്. 1683 ക്യൂസെക്സ് വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നും 17,828 ക്യുസെക്സ് വെള്ളമാണ് ഡാമിലേയ്ക്ക് എത്തുന്നതെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

