കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെൻ്റുകൾ അഭിമുഖീകരിച്ച അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം നിവാസികൾ നേരിട്ട ഭൂപ്രശ്നത്തിനും എൽഡിഎഫ് സർക്കാർ ശാശ്വത പരിഹാരം കണ്ടെത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
കൈവശ ഭൂമിയിൽ നിന്നും ഒരിക്കലും ഇറങ്ങി പോകേണ്ടി വരില്ലെന്ന ഉറപ്പാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കുമെന്ന് സർക്കാർ തീരുമാനത്തിലൂടെ മുനമ്പം നിവാസികൾക്ക് സർക്കാർ നൽകിയിരിക്കുന്നത്. അധ്യാപകരായി നിയമനം ലഭിച്ച ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ നിയമനം അംഗീകരിക്കുന്നതിനും അവർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടി എത്രയും വേഗം ഉണ്ടാകുമെന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
ഭിന്നശേഷി നിയമന സംവരണമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെൻ്റ് സുപ്രീംകോടതിയിൽ നിന്നും നേടിയെടുത്ത വിധി സംസ്ഥാനത്തെ ഇതര എയ്ഡഡ് മാനേജ്മെൻറ് കൾക്കും ബാധകമാക്കണമെന്ന സർക്കാർ നിലപാടാണ് ഇനി സുപ്രീംകോടതിയെ അറിയിക്കുവാനായി പോകുന്നത്.ഈ രണ്ടു വിഷയങ്ങൾക്കും പ്രഥമ പരിഗണന നൽകി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഈ രണ്ടു വിഷയങ്ങളിലും കേരള കോൺഗ്രസ് എം എടുത്ത നിലപാടുകളുടെ വിജയം കൂടിയാണിത്.ഇതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവർക്ക് ഇന്ന് നിരാശയുടെ ദിനമാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

