Spread the love

ലക്‌നൗ:രാത്രിയിൽ ഭാര്യ പാമ്പായി മാറുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ യുവാവ് പരാതി നൽകിയിരുന്നു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ മഹ്മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമത്തിലെ മിരാജ് എന്ന യുവാവായിരുന്നു രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ ഇയാളുടെ ഭാര്യയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്.

മിരാജ് സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനാണ് ഇത്തരത്തിൽ നുണ പറഞ്ഞതെന്നാണ് ഭാര്യ നസിമുന്നിന്റെ പ്രതികരണം. തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നു. നാല് മാസം ഗർഭിണിയാണ് ഞാൻ. എന്നാൽ തന്റെ കാര്യങ്ങളൊന്നും ഭർത്താവ് ശ്രദ്ധിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. വീഡിയോയിലൂടെയാണ് യുവതി രംഗത്തെത്തിയത്.

രാത്രിയിൽ ഭാര്യ പാമ്പായി മാറിയെന്നും തന്നെ കടിക്കാൻ ഓടിച്ചെന്നും ആരോപിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലായിരുന്നു മിരാജ് പരാതി നൽകിയത്. ഭാര്യ തന്നെ പലതവണ കൊല്ലാൻ ശ്രമിച്ചുവെന്നും അയാൾ ആരോപിച്ചിരുന്നു.

മാസങ്ങൾക്കുമുമ്പായിരുന്നു മിരാജിന്റെയും നസിമുന്നിന്റെയും വിവാഹം. ആദ്യമൊന്നും ഭാര്യയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങളില്ലായിരുന്നുവെന്നും ഭാര്യയുടെ പ്രശ്നം പരിഹരിക്കാൻ മന്ത്രവാദിയുടെ സഹായം തേടിയതായും മിരാജ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും ഭാഗത്തുള്ള വെളിപ്പെടുത്തലുകൾ ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.