Spread the love

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിഷയം ഉന്നയിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.’അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’ എന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ശബരിമല പ്രശ്‌നം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തരവേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി.

ബഹളം കൂടിയതോടെ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. സഭഅല്‍പനേരത്തേക്ക് നിര്‍ത്തി.ഒരിക്കല്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാട്. ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധത്തിലേക്ക് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പിന്നാലെ നടുത്തളത്തിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ചു. ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’ എന്നാണ് ബാനറിലുണ്ടായിരുന്നത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റ് ബഹളം വച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേള റദ്ദാക്കി സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ മുഖ്യ സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് അറിയിച്ചു. സ്‌പോണ്‍സര്‍- ദേവസ്വം ഉദ്യോഗസ്ഥ കൂട്ടുകെട്ട് സംഭവത്തിലുണ്ടായി എന്നാണ് നിഗമനം. ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ ഉരുണ്ടുകളിക്കുന്നതായും ദേവസ്വം വിജിലന്‍സ് നിഗമനമുണ്ട്. സംഭവത്തില്‍ വിശദമായൊരു അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കും.

ശബരിമലയില്‍ നിന്ന് 2019ല്‍ സ്വര്‍ണംപൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ദുരൂഹതയുണ്ട്. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേന്‍മയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ, നടപടിക്രമങ്ങള്‍ നിരീക്ഷിക്കേണ്ട വിജിലന്‍സ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളില്‍ പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറില്‍ വിവരിച്ചിട്ടില്ല. എന്നാല്‍ 2019ല്‍ മഹസറില്‍ ധാരണപിഴവാണ് സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്.