Spread the love

 by SURYA NEWS POLTICAL DESK

കോട്ടയം: ഭിന്നശേഷി അധ്യാപക നിയമന വിവാദത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളും പിണറായി സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്. സഭാ ബിഷപ്പുമാരുടെ സമ്മർദ്ദത്തെ തുടർന്ന് വിദൃഭൃാസ മന്ത്രി ശിവൻ കുട്ടിയെ കണ്ട് കേരളാ കോൺഗ്രസ് എം എംഎൽ എ മാർ മന്ത്രി റോഷി അഗസ്റ്റൃന്റെ നേതൃത്വത്തിൽ നിവേദനവും ചർച്ചയും നടത്തിയിട്ടും മന്ത്രി നിലപാടിൽ നിന്ന് മാറാത്തത് മാണി ഗ്രുപ്പിനെയും പ്രതിസന്ധിയിലാക്കി.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ഇന്നത്തെ പ്രതികരണം ക്രൈസ്തവ സഭകളുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാട് കർക്കശമാക്കുകയാണ്. മതവും ജാതിയും പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്നും അനാവശ്യ വെല്ലുവിളികള്‍ക്ക് വഴങ്ങില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ പതിവില്ലാത്ത വിധം പിണറായി സര്‍ക്കാര്‍ ക്രൈസ്തവ സഭകളുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. സഭകളുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മാണെന്ന് മന്ത്രി കുറ്റപ്പെടുത്തിയ് സഭാ നേതൃത്വത്തിന് ഒട്ടും പിടിച്ചിട്ടില്ല.

സഭകളുടെ സംഘടിത നീക്കത്തെ എതിർക്കാൻ സർക്കാരിന് കരുത്തായത് പ്രബല സമുദായ സംഘടനകളായ എസ്എൻഡിപിയും എൻഎസ്എസും സർക്കാരിന് പിന്തുണ നല്കി കൂടെയുണ്ടെന്ന ആത്മവിശ്വാസമാണ്. രാഷ്ട്രീയമായി ഭൂരി പക്ഷ സമുദായങ്ങൾ കുടെ നില്ക്കുമ്പോൾ നൃനപക്ഷ വിഭാഗത്തിന്റെ ആവശൃങ്ങൾക്ക് വഴങ്ങുന്നതിനേക്കാൾ രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന സിപിഎം അടവ് നയത്തിന്റെ ഭാഗം കുടിയാണ് മന്ത്രിയുടെ പ്രസ്താവനക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായ ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ട ശേഷം ബാക്കി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന എന്‍എസ്എസ് കേസിലെ സുപ്രീം കോടതി വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്ന കത്തോലിക്ക- ഇതര ക്രൈസ്തവ സഭാ മാനേജ്‌മെന്റിന്റെ നിലപാടിനെ ചൊല്ലിയാണ് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍. സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതിന് അനുകൂല വിധിയും ഹൈക്കോടതിയില്‍ നിന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ നേടിയിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കയാണെന്നാണ് സഭകളുടെ നിലപാട്.

ഇത്തരത്തില്‍ 16000 അധ്യാപകര്‍ക്കാണ് നിയമനം ലഭിക്കേണ്ടത്. ഇക്കഴിഞ്ഞ ദിവസം കത്തോലിക്ക സഭ മുഖപത്രമായ ദീപികയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എഡിറ്റോറിയലും രണ്ട് പേജ് വിശകലനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് വിദ്യാഭ്യാസ മന്ത്രിയെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ രാഷ്ടീയ മുതലപ്പെടുപ്പ് നടത്തുകയാണെന്നും മന്ത്രി നുണ പറയുകയാണെന്നും ദീപിക ആരോപിച്ചിരുന്നു.

ഇതിനിടയിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സർക്കാർ നിലപാടിനെ അതിശക്തമായി വിമർശിച്ച് രംഗത്ത് വന്നതും മന്ത്രിയുടെ വിമർശനത്തിന് ആക്കം കൂട്ടി.എയ്ഡഡ് മേഖലയിൽ ഭിന്നശേഷിക്കാരുടെ നിയമന വിഷയത്തിൽ സർക്കാർ തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നത് ദു:ഖകരമാണെന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ പറഞ്ഞു.
ഭിന്നശേഷിക്കാർക്കായുള്ള സീറ്റുകൾ മാനേജുമെൻ്റുകൾ ഒഴിച്ചിട്ടിരിക്കുയാണ്. ഈ വിഷയത്തിൽ എൻഎസ്എസിന് സുപ്രീം കോടതിയിൽ നിന്നും ലഭിച്ച വിധിയിൽ ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള സീറ്റുകളിൽ നിയമനം നടത്താമെന്നും, സമാന ഏജൻസികളുടെ കാര്യത്തിലും ഇതേ മാർഗ്ഗം തുടരാം എന്നാണ്.
ആർക്കും കൊടുക്കാത്ത ആനുകൂല്യങ്ങൾ തങ്ങൾ ആവശ്യപ്പെടുന്നില്ല. എന്നാൽ സമത്വം ഒരു പൗരൻ്റെ അടിസ്ഥാന അവകാശമാണ്. സുപ്രീം കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കു എന്ന് ഒരു ജനാധിപത്യ സർക്കാർ പറയുന്നത് ദുഖകരമാണന്നും, സർക്കാരിൽ വിശ്വാസമുള്ളതു കൊണ്ടാണ് കേസിന് പോകാത്തതെന്നും മാർ തറയിൽ പറഞ്ഞു. ഒരു വർഷം മുമ്പ് ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അന്ന് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു എന്നും മാർ തറയിൽ പറഞ്ഞു.

അതേസമയം എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഭിന്നശേഷി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. 1957- 59കാലത്തെ ഇഎംഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ പ്രതിഷേധം വിമോചന സമരത്തിലും ഒടുക്കം സര്‍ക്കാരിന്റെ പിരിച്ചുവിടലിലും കലാശിച്ചു. ആ അവസ്ഥ സൃഷ്ടിക്കാനാണ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതെന്നാണ് സിപിഎം ആരോപണം.

എന്നാൽ അന്ന് ക്രൈസ്തവ സഭകൾക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന എൻഎസ്എസ് ഇന്ന് സർക്കാരിനൊപ്പമാണ്!. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് സഭകള്‍ ശ്രമിക്കുന്നത് എന്നാണ് സർക്കാർ ആരോപണം.
എൻഎസ്എസ് മാതൃകയിൽ ക്രൈസ്തവ സഭകൾ കേസിന് പോകാത്തത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി ശിവൻ കുട്ടി കുറ്റെപ്പെടുത്തിയത് സഭകളുടെ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്.