SPECIAL REPORT
SURYA POLITICAL DESK
കോട്ടയം :അയ്യപ്പ സംഗമത്തിലെ ഇടതു വ്യതിയാനത്തിലൂടെ എന്‍എസ്എസ് ലക്ഷ്യമിടുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്.അടുത്ത കേരള ഭരണത്തില്‍ സമുദായ അംഗം മുഖ്യമന്ത്രി കസേരയില്‍ അവരോധിതനാകണം എന്നതാണ് നായര്‍ സമുദായത്തിന്റെ മനസ്സ്.
കഴിഞ്ഞ നിയമസഭാ വോട്ടെടുപ്പ് ദിനം ഭരണമാറ്റം ഉണ്ടാകുമെന്ന് സൂചന നല്കി വെട്ടിലായ എന്‍എസ്എസ് നേതൃത്വം പിന്നീട് മൗനത്തില്‍ ആയിരുന്നു.
എന്‍എസ്എസ് നിലപാടിനെ ഭരണത്തിലേറിയപ്പോള്‍ ഇടതു നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് രാഷ്ട്രീയ നിശബ്ദതയില്‍ ആയിരുന്നു എന്‍എസ്എസ് .
അയ്യപ്പ സംഗമം ഇടതു സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ വീണ്ടും രാഷ്ട്രീയത്തിലേക്ക് എന്‍എസ്എസ് ശ്രദ്ധ കേന്ദ്രീകരിച്ചു. മതേതര നേതൃത്വം എന്ന തലത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് എന്ന ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തിയ വിഡി സതീശന് ഇടത് വലത് മുന്നണികള്‍ക്കും ബിജെപിക്കും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ വെല്ലുവിളി ഉയര്‍ത്തി. തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട വി ഡി സതീശന് എല്ലാം ഭദ്രമെന്ന നിലയിലാണ് പരസ്യമായി മുന്നോട്ടുപോകുന്നത്.
സതീശന്റെ ഈ ഒറ്റയാന് പോക്കിനോട് എന്‍എസ്എസ് നേതൃത്വത്തിന് താല്പര്യമില്ല. പ്രത്യേകിച്ചും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തില്‍ എത്തുമെന്ന് സംഘടന കരുതിയിരുന്നു. എന്‍എസ്എസ് ഹിന്ദു കോളജില്‍ പഠിച്ച് രാഷ്ട്രീയത്തില്‍ പിച്ചവച്ച രമേശ് എന്‍എസ്എസിന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ്.
എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയാലും നിലവിലുള്ള സമവാക്യം രമേശിന് ഒട്ടും ‘അനുകൂലമല്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രമേശ് ചെന്നിത്തലയ്ക്ക് പകരം സതീശനെ പ്രതിപക്ഷ നേതാവാക്കുകയായിരുന്നു.അന്നു മുതല്‍ സതീശന് കേന്ദ്രീകൃതമാണ് യുഡിഎഫ് . ഈ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് യുഡിഎഫിലും പ്രത്യേകിച്ചു കോണ്‍ഗ്രസില്‍ ഒരു വികാരമുണ്ട്. ഒപ്പം ബിജെപിയിലെ അസംതൃപ്തരായ ഒരു വിഭാഗവും ചേര്‍ന്നതോടെ എന്‍എസ്എസ് വടിയെടുക്കുകയായിരുന്നു. യുഡിഎഫിനും ബിജെപിക്കും കനത്ത പ്രഹരം നല്‍കുകയും ചെയ്തു.
അതിനുശേഷം എന്‍എസ്എസുമായി അവര്‍ ആഗ്രഹിച്ച പോലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.ബിജെപിയും. ബിജെപിയിലെ ഒരു പ്രമുഖ നേതാവ് കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ തയ്യാറെടുത്തിരിക്കുകയാണ്. രമേശുമായി അടുത്ത ബന്ധമുള്ള കോട്ടയത്തെ ഈ നേതാവിന്റെ മനസ്സറിവോടെയാണ് സുകുമാരന്‍ നായര്‍ ഇടത്തേക്ക് ചായുന്നു എന്ന പ്രതീതിയുണ്ടാക്കിയത്. രമേശിന് താക്കോല്‍ സ്ഥാനം നല്‍കുക എന്ന വിലപേശലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടിയുടെ മനസ്സിലിരുപ്പ്. അതുവഴി കൊണ്ഗ്രസിനെയും ബിജെപിയെയും തന്റെ വരുതിയിലാക്കുക എന്ന ലക്ഷൃവുമുണ്ട്.ബിജെപിയിലെ നിലവിലുള്ള സംവിധാനത്തില്‍ ഒട്ടും തൃപ്തരല്ലാത്ത ഒരു കൂട്ടര് രമേശിനെ മുഖൃമന്ത്രിയാക്കുന്നതിന് പിന്നില്‍ സാമുദായികമായി ചരട് വലിക്കുന്നുണ്ട്. അങ്ങനെ കോണ്‍ഗ്രസിനെ പാകപ്പെടുത്തുന്നതിനുള്ള അവസരമായാണ് എന്‍എസ്എസ് നേതൃത്വം അയ്യപ്പ സംഗമത്തെ കാണുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സമുദായ അംഗത്തെ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിച്ചിട്ടില്ല എന്നതും നേതൃത്വത്തിന്റെ മനസ്സിലുണ്ട്. കോണ്‍ഗ്രസിനെ അവസാന സമുദായ മുഖ്യമന്ത്രി കെ കരുണാകരന് ആയിരുന്നു.ഇടതുമുന്നണിയില്‍ ഇ കെ നായനായരും.അതിനുശേഷം തുടര്‍ച്ചയായി ഈഴവ സമുദായത്തിനാണ് ഇടതു ഭരണത്തില്‍ അവസരം ലഭിച്ചത്. കോണ്‍ഗ്രസ് ആകട്ടെ മുസ്ലീം ക്രൈസ്തവ പക്ഷത്തും. ഇക്കുറി അതിനു മാറ്റം വരണമെന്നാണ് എന്‍എസ്എസിന്റെ ഉള്ളിലിരുപ്പ്. വരും നാളുകളില്‍ ഇക്കാര്യം പരസ്യമാക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.
എന്‍എസ്എസിന്റെ മനസ് വായിച്ചുളള ഉറപ്പാണ് അവര്‍ പ്രതീക്ഷിക്കുന്നത്. നായര്‍ സമുദായ അംഗം കേരളത്തിന്റെ താക്കോല്‍ സ്ഥാനത്ത് എത്തുക എന്നത് സംഘടനയുടെ ഒരു ആഗ്രഹമാണ്. മൂന്നുപതിറ്റാണ്ടായി ഈ ആഗ്രഹം ഉള്ളില്‍ താലോലിക്കുന്നുമുണ്ട്. അതിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്ന് എത്തിക്കാനാണ് നീക്കം.
ഒരിക്കല്‍ എന്‍എസ്എസ് ഡല്‍ഹി നായര്‍ എന്നു വിശേഷിപ്പിച്ച ശശിതരൂരിനെ മന്നംജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥി ആക്കിയതും തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എന്‍എസ്എസിന് രമേശ് കഴിഞ്ഞാല്‍ ഏറ്റവും സ്വീകാര്യത ശശി തരൂരാണ്. തരൂര്‍ വഴി രമേശിന് വഴിയൊരുക്കാനും എന്‍എസ്എസ് ലക്ഷ്യമിട്ടിരുന്നു. ഇടതു മുന്നണിയോട് ഇത്തരത്തിലുള്ള ആവശ്യമൊന്നും ഉന്നയിച്ചിട്ടില്ലെങ്കിലും വരും ദിനങ്ങള്‍ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കുമെന്ന് തന്നെയാണ് വ്യക്തമായ സൂചനകള്‍.ജനുവരിയിലെ മന്നംജയന്തി സമ്മേളനത്തോടെ ഇക്കാര്യത്തിലുള്ള നിലപാട് ഒരുപക്ഷേ പരസ്യമായി തന്നെ പ്രകടിപ്പിച്ചേക്കുംഅടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥി പരിഗണനയില്‍ ഉള്‍പ്പെടുത്താം വാഗ്ദാനം ഇതിനകം തന്നെ എല്‍ഡിഎഫ് ബിജെപി കക്ഷികള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ ഒരു രാജ്യസഭാ എംപി പദവും.

