തലയോലപ്പറമ്പ്: ‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയ്ക്ക് അരികിൽ ഇരുന്നത്.
അതിനിടെ ഇതുവരെ ഒപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവൾ ഇനി കൂടെയില്ലെന്ന തിരിച്ചറിവിൽ തൻ എങ്ങനെ മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ നിന്നു.
സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു നവനീത്. ആദ്യ ശമ്പളം കിട്ടിയപ്പോൾ ഇതുമായി അച്ഛന്റെ അടുത്തെത്തി എന്നാൽ അത് അമ്മയെ ഏൽപ്പിക്കാനായിരുന്നു വിശ്രുതൻ പറഞ്ഞത്. ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പ് അമ്മ പോയി, ഇനി ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്. ബിന്ദുവിനരികിൽ അലമുറയിട്ട് കരയുന്ന മക്കളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നുപോലും ചുറ്റും നിൽക്കുന്നവർക്ക് അറിയില്ല.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരേയും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരേയും വിമര്‍ശനവും പ്രതിഷേധവും ശക്തമാവുകയാണ്. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു.

