Spread the love

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാറ്റ് വേഗത്തിൽ വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷ, വടക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗംഗ തട, പശ്ചിമ ബംഗാൾ മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ദുർബലമാകാൻ സാധ്യതയുണ്ട്.

വ്യാപകമായ മഴയോടെ കാലവർഷകാലം അവസാനിക്കാനാണ് സാധ്യതയെന്നും, മ്യാന്മാർ തീരപ്രദേശങ്ങളിലും പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചക്രവാത ചുഴിയുടെ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബർ 25-ന് വടക്കൻ ബംഗാൾ ഉൾക്കടലിനും, അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായി, സെപ്റ്റംബർ 26-ഓടെ തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളുടെ സമീപത്തും, വടക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വരെ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, സെപ്റ്റംബർ 27-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയെ ശക്തമായ മഴയായി വിലയിരുത്തുന്നതായും അറിയിച്ചു.