കാൺപൂർ: ഇന്ഡറ്റാഗ്രാം പ്രണയം എത്തിച്ചേർന്നത് കൊലപാതകത്തിൽ. കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി യമുന നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ 22-കാരനായ യുവാവ് അറസ്റ്റിൽ. കാൺപൂർ സ്വദേശിനി അകാൻഷയെ (20) ആണ് സുഹൃത്തായ സൂരജ് കുമാർ ഉത്തം കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഇയാൾ അകാൻഷയുടെ മൃതദേഹത്തോടൊപ്പം സെൽഫിയെടുത്തത്തിനു ശേഷമാണ് സ്യൂട്ട്കേസിലാക്കി യമുന നദിയിൽ ഉപേക്ഷിച്ചത്, ഇതാണ് കേസിൽ നിർണായകമായത്. പ്രതിയുടെ സുഹൃത്ത് ആശിഷ് കുമാറിനെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 22 മുതൽ കാണാതായ അകാൻഷയെക്കുറിച്ച് സൂരജ് ആദ്യം പോലീസിനോട് പറഞ്ഞത് അവരെക്കുറിച്ച് അറിയില്ലെന്നാണ്. എന്നാൽ, സൂരജിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ, ഇയാൾ അകാൻഷയുമായി വഴക്കിട്ടതായും തുടർന്ന് ബന്ദ ജില്ലയിലേക്ക് യാത്ര ചെയ്തതായും പോലീസ് കണ്ടെത്തി.
പെൺകുട്ടി കൊല്ലപ്പെട്ട ദിവസം, മറ്റൊരു പെൺകുട്ടിയുമായി സൂരജിന് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ അകാൻഷ, സൂരജുമായി വഴക്കിട്ടു. തന്നെ വിവാഹം കഴിക്കണമെന്ന് അകാൻഷ ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമാവുകയും കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു.
കൊലപാതകത്തിനു ശേഷം, സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി. തുടർന്ന് മോട്ടോർ സൈക്കിളിൽ 100 കിലോമീറ്ററോളം സഞ്ചരിച്ച് യമുന നദിയിൽ തള്ളി.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

