Spread the love

പാലാ: ആതുര ചികിത്സാ രംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻറിൻ്റെ നിർമ്മാണം പൂർത്തിയായിരിക്കുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കുന്നു.

ഒരുലക്ഷത്തിൽ പരം ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന കാൻസർ കെയർ ആൻഡ് റിസർച്ച് സെൻ്ററിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും  സെപ്റ്റംബർ 14 ഞായറാഴ്ച്ച വൈകിട്ട് 4.30ന് നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്  വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിക്കും.

മന്ത്രി വി.എൻ. വാസവൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് സെൻ്റർ നാടിനായി സമർപ്പിക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബിഷപ് എമിരിറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഷംഷാബാദ് രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

മന്ത്രിമാരായ വി.എൻ. വാസവൻ,  റോഷി അഗസ്റ്റിൻ, എം.പി.മാരായ  ഫ്രാൻസിസ് ജോർജ്,  ജോസ് കെ. മാണി,  ആൻ്റോ ആൻ്റണി, . ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ  മാണി സി. കാപ്പൻ, മോൻസ് ജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക, ആത്മീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

സെപ്റ്റംബർ 15 തിങ്കളാഴ്ച മുതൽ 21 ഞായറാഴ്ച്ച വരെ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 7 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻ്റർ സന്ദർശിക്കുന്നതിനും വിശദീകരണങ്ങൾ സഹിതം പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവസരം ക്രമീകരിച്ചിട്ടുണ്ട്.

മാർ സ്ലീവാ മെഡിസിറ്റി പാലാ പ്രവർത്തനം ആരംഭിച്ച് 6 വർഷം പൂർത്തിയാക്കുന്ന ദിനത്തിലാണ് കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനവും നടത്തുന്നത്. 2019 സെപ്റ്റംബർ 14ന് പ്രവർത്തനം തുടങ്ങിയ മാർ സ്ലീവാ മെഡിസിറ്റി പാലാക്ക്, ചുരുങ്ങിയ കാലത്തിനുള്ളിൽ മധ്യതിരുവതാംകൂറിലെ പ്രമുഖ ആതുര ശുശ്രൂഷ കേന്ദ്രത്തിൻ്റെ പട്ടികയിലേക്ക് എത്താൻ സാധിച്ചു. 650 കിടക്കകളും 200ൽ പരം വിദഗ്‌ധ ഡോക്‌ടർമാരും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.

23 സൂപ്പർ സ്പെഷ്യാലിറ്റികളും, 23 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെൻ്റുകളും പ്രവർത്തിച്ചു വരുന്നു. 24 മണിക്കൂറും സുസജ്ജമായ 10 ശസ്ത്രക്രിയ തീയറ്ററുകൾ, എമർജൻസി ട്രോമാകെയർ വിഭാഗം, അത്യാധുനിക കാത്ത് ലാബ് ഉൾപ്പെടെ സൗകര്യങ്ങളുമുണ്ട്. സൗകര്യ ഇതിനോടകം 3.50 ലക്ഷത്തിൽ അധികം ആളുകൾ ആശുപത്രിയിൽ ചികിത്സക്കായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

എൻ.എ.ബി.എച്ച് അംഗീകാരവും ഇതോടൊപ്പം നഴ്സിംഗ് എക്സ‌ലൻസിനുള്ള എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റും ആശുപത്രി കരസ്ഥമാക്കി ആശുപത്രിയുടെ ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസസ്, ന്യൂറോസയൻസസ്, ഗ്യാസ്ട്രോ സയൻസസ്, നെഫ്രോളജി, യൂറോളജി ഉൾപ്പെടെ വിവിധ വിഭാഗങ്ങളും മികവുറ്റ നിലയിൽ പ്രവർത്തിക്കുന്നു. 15 വകുപ്പുകളിൽ ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡിന്റെ മെഡിക്കൽ പി.ജി പഠന സൗകര്യമുണ്ട്.

കൂടാതെ 10 ടെക്‌നിക്കൽ ബിഎസ് സി ബിരുദ കൊഴ്സുകളും ഉണ്ട്. നെഫ്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നൂറ് ശതമാനം വിജയത്തിൽ നൂറു ശസ്ത്രകിയകളോട് അടുക്കുകയാണ്.

സാധാരണക്കാർക്കും അത്യാധുനിക കാൻസർ ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന ആശുപത്രി സ്ഥാപകൻ പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ദീർഘവീക്ഷണത്തിലാണ് ആശുപത്രിയോട് അനുബന്ധിച്ച് പുതിയ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പൂർത്തിയായത്. നിലവിൽ മെഡിക്കൽ ഓങ്കോളജി, ഹെമറ്റോഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ വിവിധ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. കാൻസർ രോഗം ബാധിച്ചവരെയും രോഗം ഭേദപ്പെട്ടവരെയും ഉൾപ്പെടുത്തി കാൻഹെൽപ്പ് എന്ന കൂട്ടായ്മ‌യും അതോടൊപ്പം പൊതുജനങ്ങൾക്ക് കാൻസർ ബോധവൽക്കരണം നൽകുന്നതിനായി ശലഭം എന്ന പേരിലുള്ള പദ്ധതിയും നടന്നു വരുന്നു.

2024 മാർച്ച് 22 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് കാൻസർ കെയർ റിസർച്ച് സെന്ററിന്റെ അടിസ്ഥാനശിലയുടെ ആശീർവാദം നടത്തിയത്. ഒന്നര വർഷത്തിനുള്ളിൽ തന്നെ ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു.