Spread the love

കോട്ടയം : ഏറ്റുമാനൂര്‍ പോലീസിനെതിരെ വീണ്ടും പരാതി. യുവാവിനെ നടുറോഡില്‍ തല്ലിചതച്ച ദൃശ്യങ്ങള്‍ കേരളത്തെ നടുക്കിയതിന് പിന്നാലെ തീയറ്റര്‍ ജീവനക്കാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത ഭിന്നശേഷി കുട്ടിയുടെ പിതാവാണ് പരാതിക്കാരന്‍. പൊന്‍മാന്‍ങ്കല്‍ ബസിന്റെ വേഗം ചോദ്യം ചെയ്തതിതാണ് അന്ന് എസ്ച്ച്ഒയുടെ നേതൃത്വത്തില്‍ നടുറോഡില്‍ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. ഇപ്പോള്‍ തിയറ്റര്‍ ഉടമയ്ക്കു വേണ്ടി കേസും എടുത്തു. ഇനി സിനിമകാണാന്‍ എത്തില്ലെന്ന് എഴുതിവയ്പ്പിക്കുകയും ചെയ്തു.ഏറ്റുമാനൂര്‍ ശിവമന്ദിരത്തില്‍ കെ.എന്‍.അജേഷാണ് കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്.

കഴിഞ്ഞ ജനുവരിയിലാണു സംഭവം. ഏറ്റുമാനൂരിലെ തിയറ്ററില്‍ ത്രീ ഡി സിനിമ കാണാന്‍ ഭിന്നശേഷിയുള്ള മകനുമായി എത്തിയതായിരുന്നു അജേഷ്. ത്രീ ഡി കണ്ണട ഉപയോഗിച്ച് സിനിമ കാണുന്നതിനിടെ കുട്ടിയുടെ കണ്ണിനു ചൊറിച്ചില്‍ ഉണ്ടായി. ഇതു ജീവനക്കാരെ അറിയിക്കുകയും കണ്ണട സ്റ്റെറിലൈസ് ചെയ്തതാണോയെന്നു ചോദിക്കുകയും ചെയ്തു.

സ്റ്റെറിലൈസ് ചെയ്യുന്നത് എങ്ങനെയെന്ന് കാണണമെന്ന് അജേഷ് ആവശ്യപ്പെട്ടത് ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. മാനേജരും മറ്റു ജീവനക്കാരും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അജേഷ് പറയുന്നു. പൊലീസ് സഹായം ആവശ്യപ്പെട്ട് അജേഷ് തന്നെയാണ് ഏറ്റുമാനൂര്‍ സ്റ്റേഷനിലേക്ക് വിളിച്ചത്. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് ജീവനക്കാരുടെ പക്ഷം ചേര്‍ന്ന് തന്നെ കുറ്റക്കാരനാക്കിയെന്ന് അജേഷ് പറയുന്നു.’ഞാനാണ് തിയറ്ററില്‍ അക്രമം കാണിച്ചതെന്നാണ് പോലീസ് പറഞ്ഞത്. സ്റ്റേഷനിലെത്തിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു. ഇനി തിയറ്ററില്‍ കയറില്ലെന്ന് പോലീസ് എഴുതിവയ്പിച്ചു. അജേഷ് പറഞ്ഞു. ദേശീയ ഭിന്നശേഷി കമ്മീഷനും പരാതി നല്‍കും.