Spread the love

പാലക്കാട്: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ, മറ്റു മുറിവുകളോ ഇല്ലെന്ന് പോലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

ഒരു വർഷം മുൻപാണു മീരയും അനൂപും വിവാഹിതരായത്. ഇരുവരും പ്രണയത്തിലായിരുന്നു. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.

അതേസമയം അനൂപും മീരയും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഒൻപതിനു രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നു മീര വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു. തുടർന്ന്, ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അടുക്കളയ്ക്ക് അടുത്തുള്ള വർക്ക് ഏരിയയിലെ സീലിങ്ങിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങിയനിലയിൽ മീരയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കൂടാതെ വിവാഹവാർഷികദിനത്തിൽ ഭർത്താവ് വാട്സാപ്പിൽ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക നഗർ പെ‍ാലീസ് അവരുടെ മെ‍ാഴി രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)