കോട്ടയം: കുന്നംകുളം പോലീസ് ക്രൂര മര്‍ദനത്തിന്റെ പശ്ചാത്തലത്തില്‍ ആറുമാസം മുമ്പ് നടന്ന ഏറ്റുമാനൂര്‍ പോലീസ് മര്‍ദനം വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് ( ഐഎഎന്‍സ്) ചിത്രം സഹിതം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രാജ്യത്തെ ഒട്ടെറെ മുന്‍നിര ഇംഗ്‌ളീഷ് മാധ്യമങ്ങളുടെ ഓണ്‍ലൈനുകളില്‍ വാര്‍ത്തയായി. നടുറോഡില്‍ മര്‍ദനത്തിനിരായ ദൃശ്യങ്ങള്‍ സഹിതം കോട്ടയത്തെ മാധ്യമങ്ങളെ സമീപിച്ചുവെങ്കിലും പോലീസ് ഭാഷ്യത്തിന് വഴങ്ങി വാര്‍ത്ത ഒതുക്കി. യുവാവിനെതിരെ കേസുണ്ടെന്നും ക്രിമനലാണെന്നുമുളള
പോലീസ് വാദം ഏറ്റുപാടിയ ഓണ്‍ലൈനുകളുടെ വാലുപിടിക്കുകയായിരുന്നു
പ്രമുഖ മാധ്യമങ്ങളും.ഏറ്റുമാനൂര്‍ പോലീസ് നടത്തിയത് ഗുണ്ടായിസമെന്ന് സുപ്രികോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എം.ആര്‍ അഭിലാഷ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യുവാവ് നിരവധി കേസുകളില്‍ പ്രതിയാണെന്നും ഏറ്റുമാനൂര്‍ പോലീസ് പറയുന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ എഡിറ്റുചെയ്തു മാറ്റിയതാണെന്നുമാണ് ഏറ്റുമാനൂര്‍ പോലീസ് പറയുന്നത്
സമൂഹമാധ്യമങ്ങളില്‍ മുമ്പ് പ്രചരിച്ച ദൃശ്യങ്ങളാണ് കുന്നംകുളം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മുന്‍ പോലീസുകാരന്റെ മകനാണ് ദുരനുഭവമുണ്ടായത്.ഏറ്റുമാനൂര്‍ പാറോലിക്കല്‍ ശ്രീനന്ദനം വീട്ടില്‍ എസ്.കെ. രാജീവിന്റെ മകന്‍ അഭയ് എസ്. രാജീവ് (25)-നാണ് മര്‍ദനമേറ്റത്. ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സിലിന്റെ നേതൃത്വത്തില്‍ ആറുമാസംമുമ്പ് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും ഫോണ്‍ നിലത്തെറിഞ്ഞു തകര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അഞ്ചുവര്‍ഷം എ.ആര്‍. ക്യാമ്പിലായിരുന്ന, അഭയ് എസ്.രാജീവിന്റെ അച്ഛന്‍, രാജീവ് ഇപ്പോള്‍ കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്. കഴിഞ്ഞ മാര്‍ച്ച് 20-ന് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പഴയ എംസി റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്വകാര്യബസ് യുവാവിന്റെ ബൈക്കില്‍ തട്ടാന്‍ ശ്രമിച്ചു. അപകടകരമായി ബസ് ഓടിച്ചതിനെ ഇയാള്‍ സ്റ്റാന്‍ഡിലെത്തി ബസ് ജീവനക്കാരെ ചോദ്യംചെയ്തു. ബസ് ഡ്രൈവര്‍ പോലീസിലറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ വളഞ്ഞ് ലാത്തിയുപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷനടുത്തുള്ള ജനമൈത്രി മീഡിയേഷന്‍ സെന്ററില്‍ കൊണ്ടുപോയി മകനെ ക്രൂരമായി അടിച്ചെന്നും അച്ഛന്‍ രാജീവ് പറയുന്നു. യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, എസ്സി-എസ്ടി കമ്മിഷന്‍ എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കി. എന്നാല്‍ പ്രതികാര നടപടിയുമായി പോലീസ് മുന്നോട്ടുപോകുകയായിരുന്നു.
യുവാവിനെതിരേ ജൂലായില്‍ കാപ്പ ചുമത്തി. അച്ഛന്‍ രാജീവ് ഹൈക്കോടതിയെ സമീപിച്ചതോടെ കാപ്പ റദ്ദാക്കി. അവിടെയും തീര്‍ന്നില്ല. ജോലി നേടുന്നതിന് രാജീവും സഹോദരനും വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്ന് കാണിച്ച് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. വിജിലന്‍സിന്റെയും കിര്‍ത്താഡ്‌സിന്റെയും അന്വേഷണത്തെത്തുടര്‍ന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഈ കേസെടുത്തത്. ഹൈക്കോടതിയില്‍നിന്ന് സ്റ്റേ നേടിയാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നതെന്ന് രാജീവ് പറഞ്ഞു. ഈയാഴ്ച തന്നെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രാജീവ് പറഞ്ഞു.

