തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പേ സമാനരീതിയിലുള്ള മറ്റൊരു സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തു വരുമ്പോള്‍
പോലീസിനെതിരെ പ്രതിഷേധം ശക്തം.
പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പരാതിക്കാരന് പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശത്തിലൂടെ നേടിയതാണ് ഈ ദൃശ്യങ്ങള്‍. സ്ത്രീ സുരക്ഷയും മവോവാദി ഭീഷണിയും അടക്കം പറഞ്ഞായിരുന്നു പോലീസ് വിവരാവകാശം തള്ളിയത്. എന്നാല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി. കസ്റ്റഡി മര്‍ദ്ദനത്തിനൊപ്പം കൈക്കൂലി ആരോപണവും ഈ കേസില്‍ ഉയരുന്നുണ്ട്.
പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകന് പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍ അപമാനിക്കുകയും മര്‍ദിക്കുകയുംചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. സംഭവ സമയത്ത് തന്നെ തൃശൂര്‍ എസ് പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ രതീഷിനെ സിഐയായി പ്രമോട്ട് ചെയ്യുകയും ചെയ്തു പോലീസ്. ഇതാണ് ഔസേപ്പ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. രതീഷിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം. കടവന്ത്ര പോലീസ് സ്റ്റേഷനില്‍ സിഐയാണ് രതീഷ് ഇപ്പോള്‍.

