കാൻസാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അർജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ക്യാപ്റ്റൻ ലിയോണൽ മെസിയുടെ ഹാട്രിക് മികവിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽജീരിയയെ പരാജയപ്പെടുത്തി.
17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന് വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. ലോകകപ്പില്‍ ഹാട്രിക് നേടുന്ന അർജന്റീനയുടെ രണ്ടാമത്തെ താരമാണ് മെസ്സി. ആദ്യത്തേത് പഴയ ഗോള്‍യന്ത്രം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട. 6 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർജന്റീന ജഴ്സിയിൽ മെസിക്ക് 120 ഗോളായി.
17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്കിയ മനോഹരമായ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്.
ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി.
60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി.

