Spread the love

ഈ ചിത്രം ഫോട്ടോഗ്രാഫർമാർ പകർത്തിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ട് തികയാൻ പോകുന്നതേയുള്ളൂ. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്.

അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ താരമായിരുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു കുട്ടിയെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞിനെ ഫുട്‌ബോൾ ലോകകപ്പിന്റെ ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് മെസ്സി. അന്ന് അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്നു കുഞ്ഞ് മറ്റാരുമല്ല, ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും വലതു വിങ്ങിലെ വിശ്വസ്തൻ ലമിൻ യമാൽ.

ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.

ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച്‌ മെസ്സി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.
“ആ ചിത്രം അവിശ്വസനീയമാണ്. യമാല്‍ ഒരു കുഞ്ഞായിരുന്നപ്പോഴാണ് ഞങ്ങള്‍ ആ ചിത്രം എടുത്തത്… ഇന്ന് ഞങ്ങള്‍ ഇരുവരും ലോകകപ്പ് ഫൈനലില്‍ കളിക്കുന്നു എന്നത് വളരെ അത്ഭുതകരമായ കാര്യമാണ്,” മെസ്സി പറഞ്ഞു. ന്യൂയോർക്കില്‍ നടന്ന ഫിഫ ഫാനറ്റിക്സ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യമാല്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെന്നും, അദ്ദേഹത്തിന്റെ ഭാവി ശോഭനമാണെന്നും മെസ്സി കൂട്ടിച്ചേർത്തു. ഫൈനലില്‍ തങ്ങള്‍ എല്ലാവിധത്തിലും യമാലിനെ തടയാൻ ശ്രമിക്കുമെന്നും എന്നാല്‍ അദ്ദേഹത്തിന് മികച്ചൊരു ഭാവി ആശംസിക്കുന്നുവെന്നും മെസ്സി വ്യക്തമാക്കി.

ഈ പഴയ ചിത്രം കണ്ടപ്പോൾ താൻ ആദ്യം കരുതിയത് അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് സ്പെയിൻ താരം മൈക്കൽ മിറീനോ പറഞ്ഞു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളും ഭാവിയിൽ ആ സ്ഥാനത്തേക്ക് ഉയരാൻ സാധ്യതയുള്ള മറ്റൊരു താരവും ഇത്രയും വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിൽ ഒന്നിച്ചുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈ ആഴ്ച സ്പെയിനിന്റെ മാധ്യമ സമ്മേളനത്തിനിടെ ഈ പ്രശസ്തമായ ചിത്രം കാണിച്ചപ്പോൾ യമാൽ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
“അതെ, ഞാൻ അൽപ്പം വളർന്നു, ലിയോയും വളർന്നുവെന്ന് ഞാൻ കരുതുന്നു,” യമാൽ തമാശയായി പറഞ്ഞു. “ലോകകപ്പ് ഫൈനലിൽ മെസ്സിയെ നേരിടാൻ ഞാൻ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

യമാലിന്റെ ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. മെസ്സിയെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചത്തെ ഫൈനൽ അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും. എന്നാൽ യമാലിനെ സംബന്ധിച്ച് ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരിക്കാം.