Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി തല്‍സ്ഥാനം രാജിവച്ചു. നേതൃത്വം രവിയോട് രാജി ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമൊക്കെയുള്ള തരത്തില്‍ തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായതോടെയാണ് രാജി.
പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

പാര്‍ട്ടി പ്രവര്‍ത്തകന് നല്‍കിയത് ജാഗ്രതാ നിര്‍ദേശം മാത്രമെന്നും വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന് താക്കീത് നല്‍കുകയായിരുന്നുവെന്നും പാലോട് രവി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ മാറണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തി നല്ല ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയ പാലോട് രവിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചന നല്‍കിയതിനു പിന്നാലെയാണ് പാലോട് രവിയുടെ രാജി.