തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെയുള്ള ലൈംഗികാരോപണക്കേസില്‍ കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവുശേഖരണം. ഇതിനായി അന്വേഷണസംഘം ഉടന്‍ ബംഗളൂരുവിലേക്ക് പോകും. ഓണാവധിക്ക് ശേഷമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവില്‍, യുവതി ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെയെത്തി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സതേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. ഇതിനുശേഷം നോട്ടീസ് നല്കി രേഖകള്‍ കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന് അനന്തര നടപടികളിലേക്ക് കടക്കും. ഇരയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചേക്കും എന്നും അറിയുന്നുണ്ട്.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള എഫ്.ഐ.ആര് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു . സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യവും ചെയ്തു എന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട് . തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
ഭാരതീയ ന്യായ സംഹിത 78(2) (പിന്തുടര്ന്നു ശല്യപ്പെടുത്തല്‍ ), 352 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകളും കേരള പൊലീസ് നിയമത്തിലെ 120-ാം വകുപ്പും പ്രകാരമാണ് കേസ്.അഡ്വ.ഷിന്റോ സെബാസ്റ്റ്യന്‍ ബാലാവകാശ കമ്മിഷനിലും എട്ടുപേര്‍ പൊലീസിലും നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്. ഷിന്റോയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി വന്നിട്ടില്ല. പരാതിക്കാര്‍ ഇരയെക്കുറിച്ച് തെളിവുകള്‍ കൈമാറിയാല്‍ അവരുടെ മൊഴിയെടുക്കും. പരാതിക്കാര്‍ കേസില്‍ മൂന്നാം കക്ഷികളാണ്.

