Spread the love

നിയാസ് മുസ്തഫ

സ്വയം തീര്‍ത്ത വാരിക്കുഴികളില്‍ വീണ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവിന്റെ കാലം അസ്തമിച്ചുവെന്ന് പറയാം. പേരിനോടൊപ്പം ചേര്‍ത്തുകിട്ടിയ എംഎല്‍എ സ്ഥാനവും അധികം വൈകാതെ നഷ്ടമാവുന്നതോടെ ഇനിയൊരു രാഹുല്‍ മാങ്കൂട്ടത്തില്‍കാലം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഇത്രയും കാലം നെഞ്ചോടുചേര്‍ത്ത രാഹുലിന്റെ പ്രസ്ഥാനവും വാതില്‍ കൊട്ടിയടച്ചതോടെ ഇനിയുള്ള കാലം രാഹുലിന് രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരും. ഭാവി മുഖ്യമന്ത്രി വരെ ആവാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ട ചുറുചുറുക്കുള്ള കോണ്‍ഗ്രസിലെ നേതാവ് ആയിരുന്നു രാഹുല്‍. അവസാനം നാണംകെട്ട് പടിയിറങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
നന്‍മനിറഞ്ഞ ഒരുപാട് നേതാക്കള്‍ ഇരുന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് ഒഴിയേണ്ടി വന്നിരിക്കുന്നു. യൂത്ത്‌കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഇത്രയും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന വേറൊരു നേതാവില്ലായെന്ന് പറയാം.

കെഎസ് യു പ്രവര്‍ത്തകനായി തുടങ്ങി പടിപടിയായി വളര്‍ന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ അമരത്തും കോണ്‍ഗ്രസിന്റെ പവര്‍ ഗ്രൂപ്പിലും ഇടം നേടാന്‍ കഴിഞ്ഞയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. സമൂഹമാധ്യമത്തിന്റെ സാദ്ധ്യതകള്‍ നന്നായി ഉപയോഗപ്പെടുത്തിയ ആള്‍. ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരി നേതാവ്. ആരിലും അസൂയ ഉളവാക്കുന്ന നിലയിലായിരുന്നു രാഹുലിന്റെ വളര്‍ച്ച. ഇത്രയും വേഗത്തില്‍ രാഹുല്‍ വളര്‍ന്നത് നാണംകെട്ട ഈ പതനത്തിന് വേണ്ടിയായിരുന്നുവോ.
രാഹുലിന്റെ എടുത്തുചാട്ടവും ആവേശവുമൊക്കെ പലപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയെ പല രൂപത്തില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

2023ലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിന്നാലെ തന്നെ രാഹുലിനെതിരെ ആദ്യ പരാതിയും പൊട്ടിത്തെറിയും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യൂത്ത് കോണ്‍ഗ്രസിനും ഉണ്ടാക്കിയ തലവേദനകള്‍ ഇന്നും തുടരുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കാലത്ത് പി.വി അന്‍വറുമായുള്ള പ്രശ്‌നം ഏതാണ്ട് അസ്തമിച്ച് അന്‍വര്‍ അന്‍വറിന്റെ വഴിക്ക്, യുഡിഎഫ് യുഡിഎഫിന്റെ വഴിക്ക് എന്ന് തീരുമാനിച്ചിടത്താണ് രാത്രി ആരെയും അറിയിക്കാതെ രാഹുല്‍ പി.വി അന്‍വറിന്റെ വീട്ടില്‍ അന്തിച്ചര്‍ച്ചയ്ക്ക് പോയത്. ഈ സംഭവം പി.വി അന്‍വര്‍ വിഷയത്തില്‍ ഉറച്ച നിലപാടെടുത്ത വി.ഡി സതീശന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. സതീശന്‍ മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ രാഹുലിനെ പരസ്യമായി ശാസിക്കുന്ന സാഹചര്യവുമുണ്ടാക്കി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടും രാഹുല്‍ സംശയത്തിന്റെ നിഴലിലായി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത ശേഷം അവ നേതാക്കള്‍ ദുരുപയോഗം ചെയ്തെന്നായിരുന്നു പരാതി.

ഇതിനിടെ രാഹുലിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ തുടങ്ങിയിരുന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്ന നിലപാട് മുന്‍നിര്‍ത്തി രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിയണമെന്ന് വിവാദങ്ങള്‍ വരുന്നതിനു മുമ്പേ ആവശ്യമുയര്‍ന്നിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അന്തിചര്‍ച്ചയും ഫണ്ട് തട്ടിപ്പും ഇരട്ട പദവിയും അടക്കം രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തസിന് നേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ രാഷ്ട്രീയത്തിലെ സാധാരണ വിമര്‍ശനങ്ങളായി കണക്കാക്കാം.

പക്ഷേ ഒരു യുവതിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ്പുകളും മറ്റു പലരുമായി നടത്തിയ ചാറ്റുകളുമെല്ലാം രാഹുലിന് രാഷ്ട്രീയത്തില്‍ തുടരാനുള്ള അടിസ്ഥാന യോഗ്യതയെ പോലും ചോദ്യം ചെയ്യുന്നത് തന്നെയാണ്. നിയമപരമായ പരാതികളില്ലല്ലോ എന്ന ആവര്‍ത്തിച്ച് മാത്രം മുഖം രക്ഷിക്കാന്‍ രാഹുലിന് കഴിയില്ല. ധാര്‍മികമായി പാലക്കാട് എംഎല്‍എ സ്ഥാനത്തു തുടരാന്‍ രാഹുലിന് യോഗ്യതയില്ല എന്നതാണ് പല കോണുകളില്‍നിന്നും ഉയരുന്ന സംസാരം.

രാഷ്ട്രീയം പഠിക്കുന്ന കുട്ടികള്‍ക്ക് പൊതുജീവിതത്തില്‍ നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന രാഷ്ട്രീയ നേതാക്കളുടെ ചരിത്രം പഠിക്കുമ്പോള്‍ ആ കൂടെ ഇനി രാഹുല്‍മാങ്കൂട്ടത്തിലിന്റെ ചരിത്രം കൂടി പഠിക്കേണ്ടി വരും.