രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീണ്ടും കുരുക്കില്‍. ലൈംഗിക ആരോപണ പരമ്പരകള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലാണ് ഇപ്പോള്‍ രാഹുല്‍ പെട്ടിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി ഇലക്ഷന്‍ കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍.
ലൈംഗിക ആരോപണ പരമ്പരകളില്‍ പെട്ട് പദവിയും പാര്‍ട്ടിയും നഷ്ടമായ രാഹുല്‍ ഒരാഴ്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇതില്‍ ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും.
ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് കേസേറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും രാഹുലിലേക്ക് നീളുന്നത്.
രാഹുലിന്റെ സന്തതസഹചാരിയായ ഫെനി നൈനാന്‍ ഉള്‍പ്പടെ നാല് വിശ്വസ്തരും വ്യാജകാര്‍ഡ് ഉണ്ടാക്കാനുള്ള ആപ്‌ളിക്കേഷന്‍ തയാറാക്കിയ കാസര്‍കോട്ടെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ജയ്‌സനുമടക്കം ആറ് പേര്‍ അറസ്റ്റിലായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വീണ്ടെടുത്ത ശബ്ദരേഖകളിലൊന്നില്‍ രാഹുലിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണത്തിനിടയിലാണ് മൂന്നാം പ്രതിയായ അഭിനന്ദ് വിക്രം രാഹുലിന്റെ പേര് പറയുന്നത്. ഇത് കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലിനാണ് വിളിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം തെളിവ് ലഭിച്ചാല്‍ മാത്രം പ്രതിചേര്‍ക്കും. ഇല്ലെങ്കില്‍ സാക്ഷിയാക്കി കുറ്റപത്രം നല്‍കാനാണ് ആലോചന.

