Spread the love

കൊച്ചി : വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ആശയെ വീട്ടില്‍നിന്നു കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം പ്രദേശവാസിയായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്നാണ് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈകുന്നേരം മൂന്ന് മണിക്കാണ് ആശയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)