ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യന്‍റേതാണോ എന്ന് സ്ഥിരീകരണമായിട്ടില്ല. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മനുഷ്യന്‍റെ അസ്ഥിയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്‍റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു.
താൻ നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി നദിക്കു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്.

