Spread the love

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മതപരമായ കാര്യങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ കേസില്‍ കുടുങ്ങുന്നതായി പഠനം. ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനുള്ള ഏറ്റവും സാധാരണമായ മൂന്ന് കാരണള്‍ ഇതാണെന്ന് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി.രാജ്യമാകെ നടത്തിയ പഠനം മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത ശേഖരണത്തിലും പ്രസിദ്ധീകരണത്തിലും നേരിടുന്ന കടുത്ത വെല്ലുവിളി വെളിവാക്കുന്നതാണ്.

ചെറിയ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള പത്രപ്രവര്‍ത്തകരെയോ ഹിന്ദി അടത്തം പ്രാദേശിക ഭാഷകളിലോ പ്രാദേശിക പ്രസിദ്ധീകരണങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നവരെയോ ആണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. അവരുടെ കേസുകള്‍ പലപ്പോഴും ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ മാധ്യമ ശ്രദ്ധ നേടിയിട്ടില്ലെന്നും പഠനം പറയുന്നു.ക്ലൂണി ഫൗണ്ടേഷന്‍ ഫോര്‍ ജസ്റ്റിസിന്റെ ഒരു സംരംഭമായ ട്രയല്‍ വാച്ച്, കൊളംബിയ ലോ സ്‌കൂളിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് റിപ്പോര്‍ട്ട് ഉളളടക്കത്തിലെ രണ്ട് പങ്കാളികള്‍.

2012 മുതല്‍ 2022 മുതല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള പത്രപ്രവര്‍ത്തകര്‍ക്കെതിരായ ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള പഠനമാണ് നടത്തിയത്. ഇക്കാലയളവില്‍ മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 624 ‘പത്രപ്രവര്‍ത്തകരെ കുറ്റവാളികളാക്കി. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 427 പത്രപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 423 ക്രിമിനല്‍ കേസുകള്‍ വിശദമായി പരിശോധിച്ചു. ഇതില്‍ ഉള്‍പ്പെട്ട പത്രപ്രവര്‍ത്തകരില്‍ 40% പേരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ കുറ്റം ചുമത്താന്‍ കാരണം, 147 സംഭവങ്ങളില്‍ കുറ്റം ചുമത്താനുള്ള അടിസ്ഥാന കാരണം ഇതാണ്. മതപരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് കേസിന് ആധാരമായ രണ്ടാമത്തെ കാര്യം- 99 കേസുകള്‍. പ്രതിഷേധങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് 79 കേസുകള്‍ക്ക് കാരണമായി.100-ലധികം സംഭവങ്ങളില്‍, റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ക്ക് പകരം, റിപ്പോര്‍ട്ട് ചെയ്യുമ്പോഴുളള പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.