Spread the love

കോട്ടയം : വിവാദങ്ങള്‍ സന്തത സഹചാരിയായ മുന്‍ വൈദ്യുതമന്ത്രി എം.എം. മണി എംഎല്‍എ ഗണ്‍മാന്‍ കെഎസ്ഇബി ഐബിയില്‍ തുടര്‍ച്ചയായി താമസിച്ചത് പുതിയ വിവാദമായി. ചിത്തിരപുരം കെഎസ്ഇബി ഐബിയില്‍ പണമടയ്ക്കാതെ താമസിച്ചത് 2435 ദിവസമാണ്. കെഎസ്ഇബി വിജിലന്‍സ് 3,96,510 രൂപയും പലിശയും പിഴയീടാക്കാന്‍ മേഖല ഓഡിറ്റ് ഓഫീസര്‍ ശുപാര്‍ശ ചെയ്തു. പക്ഷേ അവിടെയും ഉന്നത ഇടപെടല്‍ വന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപയോളം വെട്ടി. ഇതനുസരിച്ച് 95,840 രൂപയും പലിശയുംമാത്രം ഇയാള്‍ അടച്ചാല്‍ മതി. മന്ത്രിയുടെ ഗണ്‍മാന്റെ പേര് വിജിലന്‍സ് റിപ്പോര്‍ട്ടിലും ഒഴിവാക്കി സഹായിക്കുകയും ചെയ്തതായി പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എം.എം. മണി മന്ത്രിയായിരുന്ന കാലഘട്ടത്തിലെ 1237 ദിവസവും എംഎല്‍എയായിരുന്ന 1198 ദിവസവുമാണ് ഗണ്‍മാന്‍ മൂന്നാറിനടുത്ത് ചിത്തിരപുരത്തുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ മൂന്നാം നമ്പര്‍ മുറിയില്‍ അനധികൃതമായി താമസിച്ചത്. സമീപത്തുളള കുഞ്ചിത്തണ്ണിയിലാണ് മണിയുടെ വീട്.

മന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം 2016 നവംബര്‍ 26-ന് ഗണ്‍മാന് താമസിക്കാനായി മുറി ഫോണില്‍ ബുക്കുചെയ്തു. ഡിസംബര്‍ 25 വരെ പണമടച്ച് ഇവിടെ താമസിച്ചതായി രേഖയുണ്ട്. എന്നാല്‍, അതിനുശേഷം ഐബിയിലെ രജിസ്റ്ററില്‍ ഈ മുറി ബുക്കിംഗ് എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണമടച്ചതായും കാണുന്നില്ല.

മണി മന്ത്രിയായി ചുമതലയിലുണ്ടായിരുന്ന 2021 മേയ് 19 വരെയും, പിന്നീട് എംഎല്‍എയായിരിക്കുന്ന 2024 സെപ്റ്റംബര്‍ 10 വരെയും ഗണ്‍മാനുവേണ്ടി ബുക്കിങ് ഇല്ലാതെ ഈ മുറി ഒഴിച്ചിട്ടിരുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനിടെ 12 ദിവസംമാത്രം മറ്റാര്‍ക്കോ നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇവിടെ പരിശോധന നടത്തിയ വിജിലന്‍സ് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറി. മന്ത്രിയുടെ സ്റ്റാഫെന്ന പരിഗണന നല്‍കി 30 രൂപ വീതം ആദ്യത്തെ 1237 ദിവസത്തെ വാടകയായി 37,110 രൂപ, എംഎല്‍എയായ കാലഘട്ടത്തില്‍ 1198 ദിവസം 300 രൂപ വീതം 3,59,400 രൂപയും പലിശയും പിഴ ഈടാക്കാന്‍ ശുപാര്‍ശചെയ്തു. എന്നാല്‍, ഇത് ചര്‍ച്ചചെയ്യാന്‍ ഏപ്രില്‍ 29-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം പിഴ വെട്ടിക്കുറച്ചു.