Spread the love

ന്യൂഡല്‍ഹി : യമനില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ ഇടപെട്ടത്ായി അറിയില്ലെന്ന് വിദേശകാര്യമന്ത്രാലയം. അതേ സമയം നഷ്ടപരിഹാരത്തിന്റെ (ബ്ലഡ് മണി) കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം തേടിയതായും അറിയിച്ചു. കാന്തപുരം യമനിലെ മതപണ്ഡിതനുമായി ഇടപെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം നടത്താന്‍ നിശ്ചയിച്ച വധശിക്ഷമാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.യമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

നിമിഷപ്രിയയുടെ ശിക്ഷ ഇളവു ചെയ്തു ലഭിക്കുന്നതിനായി പ്രാദേശിക അധികാരികളുമായി ഉള്‍പ്പെടെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം. ഏറെ സങ്കീര്‍ണമായ വിഷയമാണിതെന്നും കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ചില സുഹൃദ്‌രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ശിക്ഷ നടപ്പാക്കുന്നതു മാറ്റിവയ്ക്കാന്‍ കാരണമായതു കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളുടെ ഫലമായിട്ടാണെന്നാണു വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.16നു നടത്തുമെന്ന് അറിയിച്ചിരുന്ന വധശിക്ഷയാണ് ഒരു ദിവസം മാത്രം ശേഷിക്കെ മാറ്റിവച്ച് യമന്‍ കോടതി ഉത്തരവിറക്കിയത്.