കൊല്ലം: ഷാർജയിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും.
കഴിഞ്ഞ ദിവസം വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് എസ്‌പിക്ക് സമർപ്പിക്കും.
അതേസമയം വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടലിനെ തുടർന്ന് മാറ്റി. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോയത്.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. മൃതദേഹം ശ്മശാനത്തിൽ എത്തുന്നതിനു തൊട്ടു മുൻപാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് കൂടാതെ ഷൈലജ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം വന്നത്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും ഷാർജയിലെ അൽ ക്വായ്‌സിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാർജയിൽ സ്വകാര്യ കമ്പനിയിലെ എച്ച്ആർ മാനേജരായിരുന്നു വിപഞ്ചിക.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും യുഎഇയിൽ പ്രതികൾക്കെതിരേ നിയമനടപടികളെടുക്കുന്നതിനും വിപഞ്ചികയുടെ അമ്മ ഷൈലജ ബന്ധുവിനൊപ്പം ചൊവ്വാഴ്ച രാവിലെ ഷാർജയിലെത്തി. അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ വഴിയിലേക്ക് മാറിയത്. ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്ന കേസ് പിന്നീട് സ്ത്രീധന പീഡനമെന്നതിലേക്കാണ് ഫോകസ് മാറ്റിയത്.

