Spread the love

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയി കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ സാദ്ധ്യതയേറി. പാലായില്‍ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടതില്ലായെന്നാണ് പാര്‍ട്ടി നടത്തിയ പഠനങ്ങളില്‍ മനസിലായത്. പാലായേക്കാള്‍ സംഘടനാശക്തിയും അടിസ്ഥാനവുമുള്ളത് കടുത്തുരുത്തിയില്‍ ആയതുകൊണ്ടാണ് അവിടെ മത്സരിച്ചാല്‍ ജോസ് കെ മാണി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിലയിരുത്തപ്പെടുന്നത്.

യുഡിഎഫ് പക്ഷത്തുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് ആണ് കടുത്തുരുത്തിയിലെ നിലവിലെ എംഎല്‍എ. തുടര്‍ച്ചയായി മോന്‍സ് ജോസഫ് വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലം കൂടിയാണ് കടുത്തുരുത്തി.
കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കാനിറങ്ങിയാല്‍ മോന്‍സ് ജോസഫിനെ അടിയറവ് പറയിക്കാന്‍ എളുപ്പമാണെന്നാണ് കേരള കോണ്‍ഗ്രസ് എം വിലയിരുത്തല്‍.

കെ.എം മാണിയെ പതിറ്റാണ്ടുകളോളം വിജയിപ്പിച്ച മണ്ഡലമാണ് പാലാ. പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ജോസ് കെ മാണിക്കു നേരേ പാലാ മണ്ഡലം പുറംതിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കെ.എം മാണിക്കെതിരേ പല തവണ മത്സരിച്ച് മത്സരിച്ച് പരാജയപ്പെട്ട മാണി സി കാപ്പന്‍ കെ.എം മാണിയുടെ മരണത്തോടെ പാലായില്‍ എല്‍ഡിഎഫ് ടിക്കറ്റിലും യുഡിഎഫ് ടിക്കറ്റിലും മത്സരിച്ചു വിജയിക്കുകയും ചെയ്തു. മാണി സി കാപ്പനെ ഇനി പരാജയപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

അതേസമയം, പാലായില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായി വരാനുള്ള സാദ്ധ്യതയും കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജോസ് കെ മാണിക്കുള്ള എതിര്‍ ഘടകങ്ങള്‍ നിഷ ജോസ് കെ മാണിക്ക് മണ്ഡലത്തിലില്ല എന്നാണ് പൊതുവിലയിരുത്തല്‍.