Spread the love

ഷിംല: വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടിയും എംപിയുമായി കങ്കണ റണൗത്ത്. ഹിമാചര്‍ പ്രദേശിലെ മാണ്ഡിയില്‍നിന്നുള്ള ബിജെപിയുടെ എംപിയാണ് താരം. സ്ത്രീയും പുരുഷനും ഒരിക്കലും തുല്യരാകില്ലെന്ന പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം കങ്കണ തുറന്നു പറഞ്ഞത്.

എല്ലാവരും തുല്യരാണെന്ന് പറയുന്നതിലൂടെ വിഡ്ഢികളുടെ ഒരു ലോകമാണ് പടുത്തുയര്‍ത്തുന്നത്. വേറിട്ട അനുഭവങ്ങളും കഴിവും ഉള്ളവരുടെ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ എല്ലാവരും അതുല്യരും അസമന്മാരുമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.

കലയുടെ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് സമമല്ല. ഞാന്‍ എന്റെ അമ്മയ്ക്കും സമമല്ല. നാല് ദേശീയ അവാര്‍ഡുകള്‍ നേടിയ എനിക്കും അംബാനിജീക്കും തുല്ല്യമാകാന്‍ കഴിയില്ല. ഒരു തൊഴിലാളിയുടെ അടുത്തിരിക്കുമ്പോള്‍ ആ വ്യക്തിക്ക് തന്നേക്കാള്‍ സഹിഷ്ണുതയുണ്ട്. ഒരു കുട്ടി സ്ത്രീക്ക് തുല്യമല്ല, ഒരു സ്ത്രീ പുരുഷനും തുല്യമല്ല. കുടുംബത്തിലെ പ്രായമായ വ്യക്തിക്ക് തുല്യമല്ല ഒരു പുരുഷന്‍. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത വേഷങ്ങളുണ്ട്. അതുകൊണ്ട് നാമെല്ലാവരും വ്യത്യസ്തരാണ്. എല്ലാവരെയും ഒരുപോലെ കാണുന്നവര്‍ വിഡ്ഢികളുടെ ലോകം വാര്‍ത്തെടുക്കും. ഇത്തരക്കാര്‍ അറിവുള്ളവരാണെന്ന് സ്വയം നടിക്കുകയാണ് ചെയ്യുന്നത്-താരം പറയുന്നു.